പിഎസ്‌സിയിൽ 120 പുതിയ തസ്തിക

തിരുവനന്തപുരം∙ പിഎസ്‌സി ഓഫിസിലെ വിവിധ വിഭാഗങ്ങളിൽ 120 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന ഫാമിങ് കോർപറേഷനിലെ ടാപ്പിങ് സൂപ്പർവൈസർമാരുടെ ശമ്പളം പരിഷ്കരിച്ചു.

ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പുതിയ ഫയർ ആൻ‍‍ഡ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തിക സൃഷ്ടിച്ചു. ദേവികുളം സബ് കോടതിക്ക് ആറ് അധിക തസ്തിക സൃഷ്ടിച്ചു.

ആരോഗ്യവകുപ്പിന്റെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിനെ (തിരുവനന്തപുരം) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ച സംബന്ധിച്ച ഗവേഷണം, അധ്യാപനം, പരിശീലനം, ചികിത്സാസൗകര്യങ്ങൾ, സാമൂഹിക സേവനം എന്നീ മേഖലകളിലാണു മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നത്.

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവർക്കു സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ചെലവായ 1.04 കോടി രൂപ അനുവദിച്ചു. കൊല്ലത്തു 40 ലക്ഷവും തിരുവനന്തപുരത്തു 64 ലക്ഷവുമാണു നൽകുക.