വർക്കല∙ ശിവഗിരി മഹാസമാധിയിൽ ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ കനകജൂബിലി ആഘോഷ പരിപാടികൾ മേയ് എട്ടിനു രാവിലെ 10നു ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും. കൂടാതെ, 105-ാമതു ശ്രീശാരദ പ്രതിഷ്ഠാ വാർഷികവും 55-ാം ശ്രീനാരായണ ധർമ മീമാംസ പരിഷത്തും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകുന്ന ചടങ്ങിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഭാഷണം നടത്തും.
മേയ് എട്ടു മുതൽ 10 വരെ നടക്കുന്ന ധർമ മീമാംസാ പരിഷത്തിൽ ഗുരുദേവ കൃതികളും തത്വദർശനങ്ങളും ആസ്പദമാക്കി പഠനക്ലാസ് ഒരുക്കിയിട്ടുണ്ട്. പരിഷത്തിൽ സ്വാമി വിശുദ്ധാനന്ദ മുഖ്യാചാര്യനായിരിക്കുമെന്ന് ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിതാനന്ദ, ധർമസംഘം ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.