കേന്ദ്രസഹായം നഷ്ടപ്പെടുന്നതു തടയാൻ പ്രത്യേക ദൗത്യവിഭാഗം

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ ധനസഹായം പതിവായി നഷ്ടപ്പെടുന്നതു തടയാൻ പ്രത്യേക ദൗത്യവിഭാഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫിസിൽ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തി.

സംസ്ഥാന സർക്കാരിന്റെ ജാഗ്രതക്കുറവുമൂലം ഓരോ വർഷവും ആയിരക്കണക്കിനു കോടി രൂപയുടെ കേന്ദ്രസഹായമാണു നഷ്ടപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെ വാർഷികപദ്ധതി വിഹിതം കൃത്യസമയത്ത് ഉപയോഗിക്കാത്തതുമൂലം കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 1000 കോടി രൂപയിലേറെ പാഴായിട്ടുണ്ട്.

കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന പല ധനസഹായങ്ങളും കൃത്യസമയത്തു പദ്ധതി സമർപ്പിക്കാത്തതുമൂലവും പദ്ധതികൾക്കു രൂപംനൽകുന്നതിലെ വീഴ്ചകൾ മൂലവും കേരളത്തിനു ലഭിക്കുന്നില്ലെന്നും സർക്കാർ വിലയിരുത്തുന്നു.

നദീജല ശുദ്ധീകരണത്തിനുള്ള 250 കോടി രൂപയുടെ പദ്ധതിക്കു കേരളം ഇതുവരെ അപേക്ഷ പോലും നൽകിയിട്ടില്ല. നിർഭയ പദ്ധതിക്കു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 140 കോടി രൂപയും കേരളം നഷ്ടപ്പെടുത്തി. ഈ വീഴ്ചകൾ പരിഹരിക്കാനാണു പ്രത്യേക സംവിധാനത്തിനു രൂപംനൽകിയത്.

കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ നടത്തിപ്പും പുതിയ പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും. കേന്ദ്രസർക്കാർ പദ്ധതികൾ ഫലപ്രദമായി ഏറ്റെടുക്കുന്നതും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, കേരള കേഡറിലുള്ള ഉന്നത ഉദ്യോഗസ്ഥരായ ആനന്ദ് കുമാർ, സുമൻ ബില്ല, ദിനേശ് അറോറ ഉൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുമേധാവികളുമായി ചർച്ച നടത്തി സംസ്ഥാനത്തു നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി രൂപരേഖ തയാറാക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തും.