Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ 25–ാം ചരമവാർഷികം ഇന്ന്

justice-kk-mathew

കൊച്ചി∙ ഭരണഘടനാ വിദഗ്ധനും റിട്ട. സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ 25–ാം ചരമവാർഷികം ഇന്ന്. ജനാധിപത്യമൂല്യങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും അഗാധമായ ഉൾക്കാഴ്ചയുണ്ടായിരുന്ന നിയമജ്ഞൻ എന്ന നിലയ്ക്കാണു ജനം അദ്ദേഹത്തെ ഇന്നും ആദരിക്കുന്നത്.

അതിരമ്പുഴ കുറ്റിയിൽ കുടുംബാംഗമായ ജസ്റ്റിസ് കെ.കെ.മാത്യു രാജ്യത്തെ പരമോന്നത നീതിപീഠത്തിലെത്തിയ മൂന്നാമത്തെ മലയാളി ജഡ്ജിയാണ്. ഒൻപതു വർഷം ഹൈക്കോടതി ജഡ്ജിയായ ശേഷം 1971 ലാണു സുപ്രീംകോടതി ജഡ്ജിയായത്. രാജ്യാന്തര നിയമത്തിലും അസാധാരണ അവഗാഹമുണ്ടായിരുന്ന അദ്ദേഹം പ്രസ് കമ്മിഷൻ ചെയർമാൻ, ലോ കമ്മിഷൻ ചെയർമാൻ, പഞ്ചാബ്– ഹരിയാന അതിർത്തിത്തർ‍ക്ക പരിഹാര കമ്മിഷൻ, എൻ.എൻ.മിശ്ര വധക്കേസ് അന്വേഷണ കമ്മിഷൻ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.

മുൻമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ കോടതിയലക്ഷ്യക്കേസിൽ ശിക്ഷിച്ചുകൊണ്ടു കേരള ഹൈക്കോടതി 1968ൽ പുറപ്പെടുവിച്ച വിധിയോടു വിയോജിച്ചുകൊണ്ടു ജസ്റ്റിസ് മാത്യു പുറപ്പെടുവിച്ച ഭിന്നാഭിപ്രായ വിധി നിയമ, രാഷ്ട്രീയ രംഗങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സുപ്രീംകോടതിയെ ഭരണഘടനാ കോടതിയെന്നും അപ്പീൽ കോടതിയെന്നും രണ്ടായി വിഭജിക്കണമെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ലോ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് വിവാദമായി.

കേരളത്തിലെ ക്രിസ്ത്യൻ സ്ത്രീകൾക്കു പിതൃസ്വത്തിൽ ആൺമക്കൾക്കൊപ്പം തുല്യഅവകാശം നൽകണമെന്നു ജസ്റ്റിസ് മാത്യു അധ്യക്ഷനായ ലോ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകനായ ജസ്റ്റിസ് കെ.എം.ജോസഫ് ഇപ്പോൾ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ 25–ാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11.30ന് എറണാകുളം സെമിത്തേരിമുക്ക് ചാപ്പലിൽ അനുസ്മരണ ദിവ്യബലിയുണ്ടാകും.