തൃശൂർ∙ കേരള കലാമണ്ഡലം ഫെലോഷിപ്പും അവാർഡുകളും എൻഡോവ്മെന്റുകളും പ്രഖ്യാപിച്ചു. ഒൻപതിനു കലാമണ്ഡലം വാർഷികത്തിൽ കൂത്തമ്പലത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫെലോഷിപ്പിനു (50,000 രൂപ) കഥകളി കലാകാരൻ സദനം ബാലകൃഷ്ണൻ അർഹനായി. ഡോ.സുനന്ദ നായർക്കാണു കലാരത്നം (10,000) അവാർഡ്. ശാസ്‌ത്രീയ കലകളുടെ പരിപോഷണത്തിന് ഇതര മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള എം.കെ.കെ.നായർ പുരസ്കാരം (30,000) ചലച്ചിത്ര താരം മഞ്ജു വാരിയർക്കു സമ്മാനിക്കും. മരണാനന്തര ബഹുമതിയായി 30,000 രൂപയുടെ പുരസ്കാരം മാർഗി സതിക്കു നൽകും.
മറ്റ് അവാർഡുകൾ: പ്രഫ.ജോർജ് എസ്.പോൾ (മുകുന്ദരാജ സ്മൃതി പുരസ്കാരം–10,000 രൂപ), കോട്ടയ്ക്കൽ നന്ദകുമാരൻ നായർ (കഥകളി വേഷം–30,000), കലാമണ്ഡലം എം.ഗോപാലകൃഷ്ണൻ (കഥകളി സംഗീതം– 30,000), കലാനിലയം കുഞ്ചുണ്ണി (ചെണ്ട– 30,000), കലാമണ്ഡലം കുട്ടിനാരായണൻ (മദ്ദളം– 30,000), കലാമണ്ഡലം സതീശൻ (ചുട്ടി–30,000), പെരിങ്ങോട് ചന്ദ്രൻ (തിമില–30,000), കലാമണ്ഡലം ശ്രീദേവി (നൃത്തം– 30,000), കലാമണ്ഡലം ബാലചന്ദ്രൻ (തുള്ളൽ– 30,000), കലാമണ്ഡലം വി.അച്യുതാനന്ദൻ (മിഴാവ്– 30,000), കലാമണ്ഡലം പി.കൃഷ്ണകുമാർ (മൃദംഗം– 30,000), മാണി ദാമോദര ചാക്യാർ (കൂടിയാട്ടം–30,000).
മികച്ച കലാഗ്രന്ഥത്തിന് (30,000) ഞായത്ത് ബാലനും ഡോക്യുമെന്ററി (30,000) പുരസ്കാരത്തിനു രാജൻ കാരിമൂലയും തിരഞ്ഞെടുക്കപ്പെട്ടു. യുവപ്രതിഭ കലാമണ്ഡലം സൂരജ്, കലാമണ്ഡലം കനകകുമാർ (പൈങ്കുളം രാമചാക്യാർ പുരസ്കാരം), കലാമണ്ഡലം ശ്രീജ വിശ്വം (വടക്കൻ കണ്ണൻനായരാശാൻ പുരസ്കാരം), കലാമണ്ഡലം സംഗീത പ്രസാദ് (വി.എസ്.ശർമ എൻഡോവ്മെന്റ്), കലാമണ്ഡലം ഹരി ആർ.നായർ (കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ്), അമ്പലപ്പുഴ സുരേഷ് വർമ (കെ.എസ്.ദിവാകരൻ നായർ സൗഗന്ധിക പുരസ്കാരം).