െകാച്ചി∙ മഴവില്‍ മനോരമ 'മെയ്ഡ് ഫോര്‍ ഇൗച്ച് അദര്‍' സീസണ്‍ 2 റിയാലിറ്റി ഷോയില്‍ ഡോ. കെ.വി. ആദര്‍ശ് – ഡോ. ശ്യാമ ചാത്തോത്ത് കൂട്ടേരി ദമ്പതികൾ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ ശ്രീസ്ത മേലെ അതിയടം തിരുവോണം വീട്ടില്‍ ബലരാമന്റെയും ശോഭനയുടെയും മകനാണ് ഡോ. ആദര്‍ശ്. കണ്ണൂര്‍ ആറളം ഒടാക്കല്‍ ഗീതാ നിവാസില്‍ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകളാണ് ഡോ. ശ്യാമ. തളിപ്പറമ്പില്‍ ഡെന്റല്‍ കെയര്‍ സ്പെഷ്യലിറ്റി ഡെന്റല്‍ ക്ലിനിക് നടത്തുകയാണിവർ.
ജാബിര്‍ മുഹമ്മദ്– െഎഷത് ഷൈമ ദമ്പതികള്‍ക്കാണ് രണ്ടാം സ്ഥാനം. കാസര്‍കോട് ചെമ്മനാട് പുതിയവളപ്പില്‍ അബ്ദുൽ റഷീം, ഖദീജ ദമ്പതിമാരുടെ മകനാണ് ജാബിര്‍. കാസര്‍കോട് കുട്‌ലു എരിയാല്‍ ബിസ്മില്ല മന്‍സില്‍ ഷാഫി– നസീമ ദമ്പതികളുെട മകളാണ് ഷൈമ. കാസര്‍കോടും ബെംഗളൂരുവിലും ഖുര്‍ഷിദ് ഫാഷന്‍ എന്ന പേരില്‍ ഡിസൈനര്‍ വസ്ത്ര വ്യാപാരം നടത്തുകയാണ് ജാബിറും ഷൈമയും.
റിജിന്‍ മോഹന്‍–ശ്രീലക്ഷ്മി ദമ്പതികള്‍ മൂന്നാം സ്ഥാനം നേടി. എറണാകുളം സബ് ജയില്‍ സൂപ്രണ്ടായ റിജിന്‍ തിരുവനന്തപുരം കൊടുങ്ങാനൂര്‍ തിട്ടമംഗലം രേവതിയില്‍ മോഹന്‍ദാസ്–റീജ ദമ്പതികളുടെ മകനാണ്. സിന്‍ഡിക്കേറ്റ് ബാങ്ക് തിരുവനന്തപുരം സ്റ്റാച്യു ശാഖയിലെ ശ്രീലക്ഷ്മി തിരുമല കൈരളി നഗര്‍ കൃപാവരം വീട്ടില്‍ ദിലീപ്കുമാര്‍, പത്മിനി ദമ്പതിമാരുടെ മകൾ.
സംവിധായകന്‍ ജയരാജ്, ഭാര്യവസ്ത്രാലങ്കാരവിദഗ്ധ സബിത ജയരാജ് എന്നിവരാണു വിജയികളെ പ്രഖ്യാപിച്ചത്. വിജയികൾക്ക് യഥാക്രമം 25 ലക്ഷം,അഞ്ച് ലക്ഷം,മൂന്നു ലക്ഷം ക്രമത്തിൽ സമ്മാനം ലഭിച്ചു. ഫൈനലിലെത്തിയ എം ബി സുമിത് – ഹിമ മണികണ്ഠന്‍ ദമ്പതികള്‍ക്കും ടി. ജറീഷ് കുമാര്–െഎ വി ആരതി . ദമ്പതികള്‍ക്കും 50,000 രൂപ വീതം സമ്മാനമായി നൽകി..
വിജയികള്‍ക്ക് സുമിക്സ് ബേബി വെയര്‍ ഡയറക്ടര്‍മാരായ ഡോ. ഹരികൃഷ്ണന്‍, ഡോ. ശ്രീലക്ഷ്മി, മലയാള മനോരമ മാര്‍ക്കറ്റിങ് സര്‍വീസസ് ആൻഡ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് ജോയി മാത്യു എന്നിവര്‍ പുരസ്കാരം കൈമാറി. രാജ് കലേഷ്, മാത്തുക്കുട്ടി എന്നിവരായിരുന്നു അവതാരകര്‍. പൂര്‍ണ്ണിമ ഇന്ദ്രജിത്, സബിത ജയരാജ്, രേഖ മേനോന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.