കൊച്ചി∙ റേഡിയോ മാംഗോയ്ക്കു വീണ്ടും ഇന്ത്യൻ റേഡിയോ ഫോറത്തിന്റെ ദേശീയ പുരസ്കാരങ്ങൾ. ഒരു സ്വർണവും രണ്ടു വെള്ളിയുമാണ് ഇത്തവണ ലഭിച്ചത്. മലയാളത്തിലെ മികച്ച റേഡിയോ പരിപാടിക്കുള്ള സുവർണ പുരസ്കാരം തുടർച്ചയായി ഏഴാം തവണയും ബിഗ് ബിയും മുരുകനും ചേർന്നവതരിപ്പിക്കുന്ന ‘വെള്ളരിക്കാപ്പട്ടണം’ നേടി. മഞ്ജു അവതരിപ്പിക്കുന്ന സ്പോട്‌ലൈറ്റും ഇന്ത്യൻ ഫുട്ബോർഡ് ലീഗ് എന്ന ക്യാംപയിനു വേണ്ടി അലക്സ് ദേവസ്യ ഒരുക്കിയ തീം സോങ്ങുമാണു വെള്ളി പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.
വാർത്തകളിലെ സംഭവവികാസങ്ങൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ‘വെള്ളരിക്കാപ്പട്ടണം’ ന്യൂയോർക്ക് ഫെസ്റ്റിവലിലടക്കം പത്തോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രശസ്തരുമായുള്ള രസകരമായ അഭിമുഖമാണു സ്പോട്ലൈറ്റ്. ഐഎസ്എല്ലിന്റെ ഭാഗമായി നടത്തിയ ക്യാപെയിനാണ് ഇന്ത്യൻ ഫുട്ബോർഡ് ലീഗ്.
ഈ വർഷത്തെ ന്യൂയോർക്ക് ഫെസ്റ്റിവലിന്റെ പുരസ്കാരങ്ങൾക്കായുള്ള അന്തിമ പട്ടികയിലും വെള്ളരിക്കാപ്പട്ടണവും ഇന്ത്യൻ ഫുട്ബോർഡ് ലീഗ് തീം സോങ്ങും ഇടംനേടിയിട്ടുണ്ട്.