സംസ്ഥാനത്തെ മെഡിക്കൽ അലോട്മെന്റ് എട്ടിനുശേഷം

തിരുവനന്തപുരം∙ അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിൽ അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾക്കു കോളജിൽ ചേരാൻ എട്ടുവരെ സമയം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള അലോട‌്മെന്റ‌് എട്ടിന‌ുശേഷം നടത്തും. ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ആറിനോ ഏഴിനോ ഉണ്ടാകും. ഓപ്ഷൻ സ്വീകരിച്ചു തുടങ്ങിയാലും കേന്ദ്ര ക്വോട്ടയിലെ പ്രവേശനത്തിനുശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ കൂടി ഉൾപ്പെടുത്തി വേണം ഇവിടെ രണ്ടാം ഘട്ട അലോട്മെന്റ് നടത്താൻ. ഈ സാഹചര്യത്തിൽ ഒൻപതിനോ പത്തിനോ അലോട്മെന്റ് നടത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവേശന പരീക്ഷാ കമ്മിഷണർ പി.കെ.സുധീർബാബു അറിയിച്ചു. ഇതിനൊപ്പം തന്നെ മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള പ്രവേശനവും നടത്തും.

മെഡിക്കൽ കൗൺസിൽ നേരത്തെ പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ചു മെഡിക്കൽ പ്രവേശനം പൂർത്തിയാക്കാൻ 12 വരെയാണു സമയം. ഈ സാഹചര്യത്തിൽ രണ്ടാംഘട്ട പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകളിലേക്കു മോപ്പ് അപ്പ് പ്രവേശനം നടത്തുന്നതിനു സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങും. 18നുള്ളിൽ ഇതു പൂർത്തിയാക്കും. സംസ്ഥാനത്ത‌് ഒന്നാം വർഷ എംബിബിഎസ‌് ക്ലാസുകൾ ഇന്നലെ തുടങ്ങി.