തിരുവനന്തപുരം∙ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പഠനത്തിനും പ്രചാരണത്തിനുമായി രാജ്യാന്തര ശ്രീനാരായണഗുരു പഠനകേന്ദ്രം ആരംഭിക്കുന്നതിനു കേരള സർവകലാശാലാ സിൻഡിക്കറ്റ്് തീരുമാനിച്ചു. കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനം എന്ന നിലയിൽ സെമിനാറുകളും പ്രഭാഷണങ്ങളും പഠനപ്രവർത്തനങ്ങളും വർക്കല, അരുവിപ്പുറം,ചെമ്പഴന്തി, കൊല്ലം, കളവൻകോട്, വാരണപ്പള്ളി എന്നിവിടങ്ങളിൽ സർവകലാശാലയുടെ പഠനവകുപ്പിന്റെയും കോളജുകളുടെയും സ്കൂളുകളുടെയും പങ്കാളിത്തത്തോടെ നടത്തും.
ഗുരു ദർശനങ്ങൾ അപഗ്രഥിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ മാസിക പ്രസിദ്ധീകരിക്കും. കേന്ദ്രത്തെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായി പ്രവർത്തിപ്പിക്കുന്നതിനും ‘ശ്രീനാരായണ വിജ്ഞാനീയം’ എന്ന വിഷയത്തിൽ കോഴ്സുകൾ നടത്തുന്നതിനും തീരുമാനിച്ചു.