ന്യൂഡൽഹി ∙ നികുതി വെട്ടിച്ചാൽ അഞ്ചുവർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന ഉൽപന്ന, സേവന നികുതി (ജിഎസ്ടി) ബില്ലുകൾ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്സഭയിൽ അവതരിപ്പിച്ചു. അഞ്ചു ബില്ലുകൾ ഉൾപ്പെട്ട ജിഎസ്ടി നിയമനിർമാണ പ്രക്രിയയിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട നാലു ബില്ലുകളാണ് അവതരിപ്പിച്ചത്. സംസ്ഥാന നിയമസഭകൾ പാസാക്കേണ്ടതാണ് അഞ്ചാമത്തേത്.
മുഖ്യ കാര്യപരിപാടിയിൽ ഉൾപ്പെടുത്താതെ ബില്ലുകൾ കൊണ്ടുവന്നതിനെതിരെ പ്രതിപക്ഷമുയർത്തിയ ബഹളത്തിനിടെയാണു കേന്ദ്ര ജിഎസ്ടി, സംയോജിത ജിഎസ്ടി, കേന്ദ്രഭരണ പ്രദേശ ജിഎസ്ടി, നഷ്ടപരിഹാര ബില്ലുകൾ ധനമന്ത്രി സഭയുടെ പരിഗണനയ്ക്കു സമർപ്പിച്ചത്. ജൂലൈ ഒന്നു മുതൽ രാജ്യത്ത് ഏകീകൃത ജിഎസ്ടി നടപ്പാക്കുകയാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
കാര്യപരിപാടിയിൽ ഉൾപ്പെടുത്താതെ അനുബന്ധ പരിപാടിയിൽ ഉൾപ്പെടുത്തി ബിൽ അവതരിപ്പിക്കുന്നതിനെ കെ.സി. വേണുഗോപാൽ (കോൺഗ്രസ്) എതിർത്തു. അംഗങ്ങൾക്കു വ്യവസ്ഥകൾ പഠിക്കാൻ സമയം ലഭിക്കാത്തതിലാണു മുഖ്യ പ്രതിഷേധം. ഇതു പാർലമെന്റിനോടുള്ള അവഹേളനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാൻ വൈകിയതു കൊണ്ടാണിതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി എസ്.എസ്. അലുവാലിയയുടെ ന്യായീകരണം. ശനിയാഴ്ച എംപിമാർക്കുള്ള ഇ–പോർട്ടലിൽ ബില്ലുകൾ പ്രസിദ്ധീകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടർന്നു സ്പീക്കർ ബില്ലുകൾക്ക് അവതരണാനുമതി നൽകി.
സഭയുടെ പരിഗണനയിൽ നാലു ബില്ലുകൾ
∙ സിജിഎസ്ടി ബില്ലിലുള്ളതു സംസ്ഥാനങ്ങൾക്കുള്ളിലെ ഉൽപന്ന സേവന നികുതി പിരിക്കാൻ കേന്ദ്രസർക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥകൾ.
∙ സംസ്ഥാനാന്തര ഉൽപന്ന സേവന നികുതി പിരിക്കാൻ ഐജിഎസ്ടി ബിൽ കേന്ദ്രസർക്കാരിനെ അധികാരപ്പെടുത്തുന്നു.
∙ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉൽപന്ന സേവന നികുതി പിരിവിനു കേന്ദ്രത്തിന് അധികാരം നൽകുന്നതാണു യുടിജിഎസ്ടി ബിൽ.
∙ ജിഎസ്ടി ബിൽ നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനെ ബാധ്യസ്ഥമാക്കുന്നു, നഷ്ടപരിഹാര ബിൽ.