Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി പോർട് ട്രസ്റ്റിന് പുതിയ ‌ചെയർമാൻ (താൽക്കാലികം)

ce പി.രവീന്ദ്രൻ

കൊച്ചി ∙ സ്ഥിരം ചെയർമാൻ ഇല്ലാതായി പത്താം മാസം കൊച്ചി പോർട് ട്രസ്റ്റിനു താൽക്കാലിക ചെയർമാൻ. ചെന്നൈ പോർട് ട്രസ്റ്റ് ചെയർമാൻ പി. രവീന്ദ്രനാണു കൊച്ചി തുറമുഖത്തിന്റെ അധികച്ചുമതല. അദ്ദേഹം ഇന്നലെ ചുമതലയേറ്റു. ഇതോടെ, സ്ഥിരം ചെയർമാൻ നിയമനം തൽക്കാലത്തേക്കെങ്കിലും അടഞ്ഞ അധ്യായമായി.
 
കഴിഞ്ഞ വർഷം മേയ് 16നു പോൾ ആന്റണി ചെയർമാൻ സ്ഥാനമൊഴിഞ്ഞതിനു ശേഷം ഡപ്യൂട്ടി ചെയർമാൻ വി. രമണയ്ക്കു താൽക്കാലിക ചുമതല നൽകിയാണു തുറമുഖം പ്രവർത്തിക്കുന്നത്.

പത്തു മാസത്തിനു ശേഷവും കൊച്ചിക്ക് ഉടൻ സ്ഥിരം ചെയർമാൻ വേണ്ടെന്ന നിലപാടിൽ നിന്നു കേന്ദ്രസർക്കാർ മാറിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു താൽക്കാലിക നിയമനം. രാജ്യത്തെ തന്ത്രപ്രധാന തുറമുഖങ്ങളിലൊന്നായ കൊച്ചിക്കു സ്ഥിരം ചെയർമാൻ വേണമെന്നു വാണിജ്യ സമൂഹവും തൊഴിലാളി സംഘടനകളും ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്.

എന്നാൽ, സ്ഥിര നിയമനത്തിനായി ഇനിയും കാത്തിരിക്കുകയെന്ന സൂചനയാണു കേന്ദ്രസർക്കാർ നൽകുന്നത്. വല്ലാർപാടം ടെർമിനലിന്റെ വിപണന നീക്കങ്ങൾ കൂടുതൽ സജീവമാക്കുക, സ്വപ്ന പദ്ധതികളായ പുറങ്കടൽ തുറമുഖവും ഫ്രീ ട്രേഡ് സോണും യാഥാർഥ്യമാക്കുക തുടങ്ങി പല ലക്ഷ്യങ്ങളാണു തുറമുഖത്തിനു മുന്നിലുള്ളത്.

ഔട്ടർ ഹാർബർ പോലുള്ള വൻപദ്ധതികൾ പരിഗണിക്കുന്നതിനാൽ അത്തരം പദ്ധതികളിൽ വൈദഗ്ധ്യമുള്ള വ്യക്തിയെയാണു ചെയർമാൻ സ്ഥാനത്തേക്കു തേടുന്നതെന്നു മുൻപു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സൂചന നൽകിയിരുന്നു. പല പേരുകളും പലപ്പോഴായി പരിഗണിച്ചെങ്കിലും അന്തിമ തീരുമാനം വൈകുകയാണ്.

മുഴുവൻ സമയവും കൊച്ചിക്കു വേണ്ടി ചെലവിടാൻ കഴിയുന്ന ചെയർമാനെയാണു വേണ്ടത്. ചെന്നൈ പോലുള്ള വമ്പൻ തുറമുഖത്തിന്റെ സാരഥ്യം വഹിക്കുന്ന പി. രവീന്ദ്രനു കൊച്ചിക്കായി എത്രത്തോളം സമയം ചെലവിടാൻ കഴിയുമെന്നതാണു പ്രധാനം. അതേസമയം, ദക്ഷിണ റയിൽവേ ചീഫ് ഫ്രെയ്റ്റ് ട്രാൻസ്പോർട്ടേഷൻ ഓഫിസർ എന്ന നിലയിൽ 2009 മുതൽ 2016 വരെ കൊച്ചി തുറമുഖ ട്രസ്റ്റിയായി പ്രവർത്തിച്ച മുൻപരിചയം ഗുണകരമാകും.

Your Rating: