കൊച്ചി∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് ക്യാപിറ്റലിന് കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം 284.20 കോടി രൂപ; 2015–16 സാമ്പത്തിക വർഷത്തെ(222.49 കോടി)ക്കാൾ 24% വർധന. അറ്റാദായം 32% വർധനയോടെ 30 കോടിയിലെത്തി. നാലാം പാദത്തിൽ മാത്രം 11.12 കോടിയാണ് അറ്റാദായം. മുൻവർഷം ഇതേ പാദത്തിലെക്കാൾ 62% വളർച്ച. ഈ കാലയളവിൽ വരുമാനം
മുൻവർഷം ഇതേ പാദത്തിലെ 63.40 കോടിയിൽ നിന്ന് 26% വളർച്ചയോടെ 79.80 കോടി രൂപയിലെത്തി.
ഇരുചക്രവാഹന വായ്പ ഉയർന്നതും കോർപറേറ്റ് വായ്പാ മേഖലയിലേക്കു കടക്കാനായതുമാണു നേട്ടത്തിനു പിന്നിലെന്ന് മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് മാനേജിങ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ്, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മധു അലക്സിയോസ് എന്നിവർ പറഞ്ഞു. നാലാം പാദത്തിലെ വായ്പ 315 കോടിയിൽ നിന്ന് 423 കോടിയായി ഉയർന്നു.
കമ്പനി 1:10 എന്ന അനുപാതത്തിൽ ബോണസ് ഓഹരി പ്രഖ്യാപിച്ചു. പലിശച്ചെലവ് 19% വർധനയോടെ 103.95 കോടി രൂപയിലെത്തി. സാമ്പത്തിക വർഷത്തിലെ ആകെ ചെലവ് 193.04 കോടിയിൽ നിന്ന് 238.01 കോടിയിലേക്ക് ഉയർന്നു.
23 ശതമാനമാണു വർധന. കമ്പനിക്ക് 15 സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ട്. എട്ടു ലക്ഷം ഇരുചക്ര വാഹന വായ്പകളാണ് ഇതുവരെ നൽകിയിട്ടുള്ളത്.