Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടമഞ്ഞിൻ താഴ്‌വരയിൽ വാഗമൺ

Vagamon വാഗമൺ

നോക്കെത്താ ദൂരത്തോളം നിവർന്നുനിൽക്കുന്ന മൊട്ടക്കുന്നുകളാണു വാഗമണ്ണിന്റെ ആകർഷണം. മലമുകളിലേക്കു പെയ്തിറങ്ങുന്ന കോടമഞ്ഞും വിശാലമായ പുൽപ്പരപ്പും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനംകുളിർപ്പിക്കും. ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മനംമയക്കുന്ന മലമ്പ്രദേശമാണിത്.

മല വെട്ടിയുണ്ടാക്കിയ വളഞ്ഞുപുളഞ്ഞ പാതയിലൂടെ യാത്ര തന്നെ വിസ്മയകരമായ അനുഭവമാണ്. തങ്ങൾമല, മുരുകൻമല, കുരിശുമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളും വാഗമണ്ണിൽ സ്ഥിതി ചെയ്യുന്നു. പൈൻമരക്കാടുകളും ചെക്ക്ഡാമുമാണു മറ്റൊരു ആകർഷണം. സമുദ്രനിരപ്പിൽനിന്ന് 1,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലമുകളിൽ പാരാഗ്ലൈഡിങ്ങും നടക്കാറുണ്ട്.  

വാഗമണ്ണിനു സമീപത്തുള്ള ആത്മഹത്യാമുനമ്പ്, പൈൻവാലി, പീരുമേട്, പരുന്തുംപാറ, കുട്ടിക്കാനം എന്നിവിടങ്ങളിലും സഞ്ചാരികൾ ധാരാളമായെത്തുന്നു. കോടമഞ്ഞ് മൂടിയ വഴികളിലൂടെയുള്ള യാത്രയും മലമുകളിൽനിന്നുള്ള താഴ്‌വരക്കാഴ്ചയും സ്വർഗീയം. വേനൽക്കാലത്ത് തണുപ്പിന്റെ സാന്ത്വനം തേടി സഞ്ചാരികളെത്തുന്നു. പരുന്തുംപാറയിലെ ആകാശ–താഴ്‌വരക്കാഴ്ചകൾ വിസ്മയിപ്പിക്കും. വിസ്മരിക്കാനാവാത്ത ചിത്രങ്ങളും വിഡിയോയും ലഭിക്കുന്ന ഇടങ്ങളാണെല്ലാം.

കുട്ടിക്കാനത്തെയും പീരുമേട്ടിലെയും തേയിലത്തോട്ടങ്ങൾക്കിടയിലെ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും അന്തിയുറങ്ങാൻ വിദേശികളടക്കം നൂറുകണക്കിനു സഞ്ചാരികളെത്തുന്നു.

∙ സർക്കാരിനു ചെയ്യാൻ ഏറെ

സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണു വാഗമൺ നേരിടുന്ന പ്രധാന പ്രതിസന്ധി. സഞ്ചാരികളുടെ വാഹനം പാർക്ക് ചെയ്യുന്നതിനു സൗകര്യങ്ങളൊന്നുമില്ല. ശുചിമുറികളോ വിശ്രമകേന്ദ്രങ്ങളോ ഇല്ല. ടൂറിസം ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. ഗുണ്ടാ ആക്രമണങ്ങൾ ഇവിടെ നിത്യസംഭവമാണ്. അക്രമങ്ങൾ തടയാൻ ടൂറിസം പൊലീസ് കാവൽ ഏർപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പിലായിട്ടില്ല. കോലാഹലമേട്, പീരുമേട്, വാഗമൺ, പരുന്തുംപാറ എന്നീ ടൂറിസം കേന്ദ്രങ്ങളെ സംയോജിപ്പിച്ചു ടൂറിസം ബസ് സർക്കീട്ട് ആരംഭിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല.

∙ അടുത്ത പട്ടണങ്ങളിൽനിന്നു വാഗമണ്ണിലേക്കുള്ള ദൂരം (കിലോമീറ്ററിൽ): കൊച്ചി- 102, കോട്ടയം- 65, തൊടുപുഴ – 43, പാലാ–37, കുമളി–45.