Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ താജ്മഹൽ ഹോട്ടലിന്റെ ചിത്രം ഇനി തോന്നുംപടി ഉപയോഗിക്കാനാവില്ല

INDIA-ANNIVERSARY/

മുംബൈ ∙ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്കു സമീപമുള്ള താജ്മഹൽ പാലസ് ഹോട്ടലിന്റെ ചിത്രങ്ങൾ ഇനി ഉടമകളുടെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. 114 വർഷം പഴക്കമുള്ള കെട്ടിടത്തിനു ട്രേഡ്മാർക്ക് അംഗീകാരം ലഭിച്ചതാണു കാരണം. 

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റേതാണു (ഐഎച്ച്‌സിഎൽ) ഹോട്ടൽ. ഇന്ത്യയിൽ ആദ്യമായാണ് ഒരു കെട്ടിടത്തിനു ട്രേഡ്മാർക്ക് ലഭിക്കുന്നത്. സാധാരണ ലോഗോകൾ, വിപണന നാമങ്ങൾ തുടങ്ങിയവയ്ക്കാണു ട്രേഡ്മാർക്ക് എടുക്കുന്നത്. 

അതേസമയം ന്യൂയോർക്കിലെ എംപയർ സ്‌റ്റേറ്റ് ബിൽഡിങ്, പാരിസിലെ ഐഫൽ ഗോപുരം, സിഡ്‌നിയിലെ ഒപേറ ഹൗസ് തുടങ്ങിയ കെട്ടിടങ്ങൾക്കു ട്രേഡ്മാർക്കുണ്ട്. കെട്ടിടത്തിന്റെ തനിമ സംരക്ഷിക്കുകയാണു ലക്ഷ്യമെന്ന് ഐഎച്ച്‌സിഎൽ നിയമോപദേഷ്ടാവ് രാജേന്ദ്ര മിശ്ര പറഞ്ഞു.

ദക്ഷിണ മുംബൈയിലെ കൊളാബയിൽ 1903ൽ ആണു താജ്മഹൽ പാലസ് ഹോട്ടൽ നിർമിച്ചത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യ പോലും ഇതിനു ശേഷമാണു നിർമിച്ചത്. 26/11 ഭീകരാക്രമണമുണ്ടായ ഹോട്ടൽ ഇന്ന് അതിജീവനത്തിന്റെ സ്മാരകമായും നിലകൊള്ളുന്നു.