രസകരമായ കാഴ്ചയായിരുന്നു ബെംഗളൂരു മല്ലേശ്വരത്തെ ശിരൂർ പാർക്ക് ഗ്രൗണ്ടിൽ. എഴുപത്തഞ്ചോളം കാറുകൾ ഡിക്കി തുറന്നുയർത്തിവച്ച് നിരത്തിയിട്ടിരിക്കുന്നു. അടുത്തുചെന്നവരുടെ കണ്ണുകൾ വികസിച്ചു. അതൊരു ഷോപ്പിങ് സെന്ററായിരുന്നു.
ഓരോ കാറിന്റെയും ഡിക്കി (ബൂട്ട്) ഓരോ കട. ആരും പ്രഫഷനൽ വ്യാപാരികളല്ല. സ്വന്തം കാറിൽ, സ്വന്തം വീട്ടിലെ സാധനങ്ങൾ വിൽപനയ്ക്കെത്തിച്ചവരുടെ കൂട്ടമാണത്. അൽപകാലം ഉപയോഗിച്ച സാധനങ്ങളാണു പലതും; പക്ഷേ മറ്റാർക്കെങ്കിലും ഇനിയും ഏറെനാൾ ഉപയോഗിക്കാവുന്നവ. ബാക്കിയൊക്കെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ അടക്കമുള്ളവ.
‘യൂസ്ഡ്’ സാധനങ്ങളുടെ ഡിസ്കൗണ്ട് വിൽപന എന്ന കാശുണ്ടാക്കൽ തന്ത്രമായി നടത്തിയതല്ല ഈ ‘കാർ ബൂട്ട് സെയിൽ’. ഒരിക്കൽപ്പോലും ഉപയോഗിക്കാത്ത സാധനങ്ങൾ പോലും കാലാകാലം സൂക്ഷിച്ചുവയ്ക്കുകയും ആർക്കും കൊടുക്കാതിരിക്കുകയും ചെയ്യുന്ന ശീലത്തിൽനിന്ന് ഒരു മാറിനടക്കൽ ആണിത്.
ആവശ്യമുള്ള വസ്തുക്കൾ മാത്രം സൂക്ഷിച്ച് വീട് ഭംഗിയാക്കിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇങ്ങനെ സാധനങ്ങൾ വിറ്റൊഴിക്കാം. യൂറോപ്പിൽ ഏറെ ജനകീയമായ കാർ ബൂട്ട് സെയിൽ ആദ്യമായാണ് ബെംഗളൂരുവിൽ നടക്കുന്നത്. എക്സിബിഷൻ–കം–സെയിൽ നടത്തുന്നതിന്റെ മുതൽമുടക്കൊന്നുമില്ലാതെ അനായാസം നടത്താനാവുമെന്നതാണ് ഇതിന്റെ ആകർഷണീയത.
72 കാറുകളിലെ ഉൽപന്നങ്ങൾ വാങ്ങാനും കാണാനുമായി അയ്യായിരത്തോളം പേരെത്തി. ചപ്പാത്തിയും ചമ്മന്തിപ്പൊടിയും പഴവർഗങ്ങളും ബാഗും ബെഡ്ഷീറ്റും അലങ്കാര വസ്തുക്കളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുമൊക്കെയായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അതിവേഗം വിറ്റഴിഞ്ഞു.