Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തിന് എത്ര മുറം പച്ചക്കറി

vegetables

സ്കൂൾ മുതൽ പൊലീസ് സ്റ്റേഷൻ വരെ കൃഷിയിടങ്ങളായി. എങ്കിലും ഓണവിപണിയുടെ പ്രതീക്ഷയിലാണ് കിഴക്കൻ മേഖലയിലെ പരമ്പരാഗത കർഷകർ.  മറ്റൊരു കാലത്തുമില്ലാത്ത വിധത്തിലാണു കാർഷിക മേഖല ഉണർന്നിരിക്കുന്നത്. ഓണത്തിനൊരു മുറം പച്ചക്കറിയുമായി സ്കൂളുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളുമൊക്കെ രംഗത്തുണ്ട്.

വിവിധ കുടുംബശ്രീ യൂണിറ്റുകളും സഹകരണ സംഘങ്ങളുമൊക്കെ സംഘടിച്ചു കൂട്ടുകൃഷിയും ആരംഭിച്ചിരിക്കുന്നു. വെറുതെ ഒന്നു കൃഷി ചെയ്തു നോക്കാമെന്നാഗ്രഹിച്ച്, തൂമ്പാ പിടിക്കാനറിയാത്തവർപോലും ഇതര സംസ്ഥാന തൊഴിലാളികളുടെ ഉറപ്പിൻമേൽ കൃഷി ചെയ്യാനിറങ്ങിയിട്ടുണ്ട്. പക്ഷേ, ഇവർക്കൊപ്പം ഓണവിപണിയിൽ മത്സരിക്കേണ്ടി വരുമെന്ന ആശങ്കയൊന്നുമില്ലാതെയാണ് പരമ്പരാഗത കർഷകർ കൃഷിയിൽ സജീവമായിരിക്കുന്നത്. 

ഓണക്കൃഷിയിൽ മുൻപൻ നേന്ത്രൻ 

ഓണക്കൃഷിയിലെ മുൻപൻ എപ്പോഴത്തെയുംപോലെ വാഴക്കൃഷി തന്നെ. ഏക്കറുകണക്കിനു കൃഷിയിടങ്ങളിലാണ് വാഴക്കൃഷി നടക്കുന്നത്. ഓണത്തിനു വിളവെടുക്കാനായുള്ള ഒരുക്കത്തിലേക്ക് കർഷകർ കടന്നു കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴവും പച്ചക്കായയും ചെലവാകുന്ന സമയം ഓണക്കാലമാണ്. ഏറ്റവും കൂടുതൽ ആവശ്യം നേന്ത്രക്കായയ്ക്ക്. 

ടെറസ്സുകളിൽപ്പോലും വാഴക്കൃഷി ചെയ്ത് കുലവെട്ടുന്നവരുള്ളപ്പോൾ ഇക്കുറി പ്രതീക്ഷിക്കുന്ന നേട്ടം കിട്ടുമോ എന്ന സംശയമൊന്നും കർഷകർക്കില്ല. വില കൂടിയാലും, മായവും വിഷവും കലരാത്ത വാഴപ്പഴം കിട്ടണമെന്നു ശഠിക്കുന്ന മലയാളികളാണ് ഇവരുടെ ഉപഭോക്താക്കൾ. 

കിഴക്കൻ മേഖലയിൽ ഒരിടവേളയ്ക്കു ശേഷം കൂടുതൽ പേർ വാഴക്കൃഷി ചെയ്യാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നു കൃഷി വകുപ്പിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. തദ്ദേശീയ ഉത്പന്നങ്ങൾക്ക് കൂടുതൽ പേരെത്തുന്നുവെന്നുള്ളതാണ് കാർഷികവിപണിയിൽ ചലനമുണ്ടാക്കുന്നത്.

മുൻപ് ഓണവിളവെടുപ്പിന് മുന്നിട്ടിറങ്ങുന്ന നമ്മുടെ കർഷകന് പലപ്പോഴും വിലത്തകർച്ചയുടെ കണ്ണീരായിരുന്നു സമ്പാദ്യം. ഇക്കൊല്ലം അങ്ങിനെയാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കർഷകർ. ഇടനിലക്കാരെ ഒഴിവാക്കിയുള്ള സ്വതന്ത്ര കാർഷിക വിപണികളും കർഷകകക്കൂട്ടായ്മകളുമൊക്കെ ഈ വിശ്വാസം ശരിവയ്ക്കുകയും ചെയ്യുന്നു. 

പൈനാപ്പിൾ കർഷകരും ഉത്സാഹത്തിൽ 

വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നുള്ള കരകയറ്റമാണ് ഓണകാലത്ത് പൈനാപ്പിൾ കർഷകർ പ്രതീക്ഷിക്കുന്നത്. ഓണത്തിനു പ്രത്യേകം പൈനാപ്പിൾ വിഭവങ്ങൾ തന്നെ ഒരുക്കാറുണ്ട്. സദ്യയിൽ പൈനാപ്പിൾ ചേർത്ത വിഭവങ്ങൾ ഒഴിവാക്കാനാകാത്തവയാണ്. എന്തായാലും ഓണ വിപണിയിലേക്കു വിളവെടുക്കാനായി പൈനാപ്പിൾ കൃഷി വ്യാപകമായിട്ടുണ്ട്.

നിലവിൽ കിലോഗ്രാമിന് 24–27 രൂപയാണ് പൈനാപ്പിൾ വില. ഇതു 30 നു മുകളിലേക്കു കടക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കർഷകർക്ക് വലിയ ബാധ്യതയാണ് ഇടയ്ക്കിടക്കുണ്ടാകുന്ന വിലയിടിവു നൽകുന്നത്. ഈ കടബാധ്യതകളിൽ നിന്നുള്ള മോചനകാലമായിരിക്കും ഓണകാലമെന്ന വിശ്വാസത്തിലാണിവർ. 

പച്ചക്കറിക്കൃഷി ഒഴിഞ്ഞ മുറമാകുമോ

ഓണത്തിനൊരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി എല്ലാവരും രംഗത്തുള്ളതിനാൽ പച്ചക്കറിക്കൃഷി വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്നവർക്കു ചെറിയ ആശങ്കയുണ്ട്. ഇപ്പോൾ പച്ചക്കറിക്കൊക്കെ വലിയ വിലയാണ്. ഇതിൽ നിന്ന് ഏറെയൊന്നും താഴെപ്പോകില്ല വിലയെന്നാണ് കർഷകർ കരുതുന്നത്.

കഴിഞ്ഞ വർഷവും പച്ചക്കറി കൃഷിയുമായി ഒട്ടേറെ സംഘടനകളുൾപ്പെടെ രംഗത്തുണ്ടായിരുന്നുവെങ്കിലും പച്ചക്കറി വില ഉയർന്നുതന്നെയായിരുന്നു ഓണകാലത്ത്. വീടുകളും വിവിധ സംഘടനകളുമൊക്കെ ചെയ്യുന്ന പച്ചക്കറിക്കൃഷിയുടെ വിളകൾ വിപണിയിലേക്കെത്തുക അപൂർവ്വമായിരിക്കുമെന്നതാണ് കർഷകർക്കു ആത്മവിശ്വാസമാകുന്നത്. 

പയറും പടവലവും വെണ്ടയ്ക്കയും തക്കാളിയും വഴുതനങ്ങയും കൂടാതെ കൂർക്കയും ഇക്കൊല്ലം വ്യാപകമായിട്ടുണ്ട്. കോടനാട്, മലയാറ്റൂർ, പായിപ്ര മേഖലയിലാണു കൂർക്കക്കൃഷി വ്യാപകം. 

കർഷകരുടെ ഓണമായിരിക്കും ഇത്തവണത്തേതെന്ന വിശ്വാസത്തിൽ ആശങ്കകളൊക്കെയും മാറ്റിവച്ചു ധൈര്യപൂർവ്വം മുന്നോട്ടു തന്നെയാണു ജില്ലയിലെ കർഷകർ.