നേട്ടങ്ങൾ നിരത്തി റെയിൽവേ

ന്യൂഡൽഹി ∙ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനു വകുപ്പു നഷ്ടപ്പെട്ടേക്കുമെന്ന ശക്തമായ സൂചനകൾക്കിടെ, റെയിൽവേ, കഴിഞ്ഞ മൂന്നു വർഷത്തെ നേട്ടങ്ങളുടെ കണക്കുമായി രംഗത്ത്. ഏറെക്കാലത്തിനു ശേഷം റെയിൽവേ വളർച്ചയുടെ പാതയിലെത്തിയെന്നു സ്ഥാപിക്കുന്നതാണു വിഷൻ 2022 എന്നു പേരിട്ട രേഖ.

കൈവരിച്ചതും കൈവരിക്കാനിരിക്കുന്നതുമായ നേട്ടങ്ങളാണു മുഖ്യ പ്രതിപാദ്യം. ഓൺ ബോർഡ് എന്റർടെയ്ൻമെന്റ്, വൈഫൈ, വെൻഡിങ് മെഷീൻ, ഓട്ടോ ഡോർ സൗകര്യങ്ങളുള്ള കോച്ചുകൾ, റെയിൽവേ സർവകലാശാല, സമ്പൂർണ ബയോ–ടോയ്‌ലറ്റ് സംവിധാനം എന്നിവയാണു മുഖ്യ വാഗ്ദാനങ്ങൾ. ട്രാക് പരിഷ്കരണം, സുരക്ഷ മെച്ചപ്പെടുത്തൽ, കോച്ച് ‌പരിഷ്കരണം തുടങ്ങിയവയ്ക്കു വേണ്ടി വരിക 8.56 ലക്ഷം കോടി രൂപ.

റെയിൽവേ സർവകലാശാലയ്ക്കു വിശദ പദ്ധതി റിപ്പോർട്ട് തയാറാകുന്നുവെന്നു രേഖ വെളിപ്പെടുത്തുന്നു. ഇതു കൽപിത സർവകലാശാലയായിരിക്കും. യാത്രാ, ചരക്കു കൂലിക്കു പുറമെയുള്ള മാർഗങ്ങളിൽ നിന്നു വരു‌മാനത്തിന്റെ 20% കണ്ടെത്തുകയാണു ലക്ഷ്യം. മൂന്നു വർഷത്തിനകം പാത ഇര‌ട്ടിപ്പിക്കലിന്റെ വേഗം പ്രതിദിനം 19 കിലോമീറ്ററാക്കുമെന്നും വാഗ്ദാനമുണ്ട്. സംസ്ഥാനങ്ങളുമായുള്ള സംയുക്ത സംരംഭങ്ങൾ വഴിയും രാജ്യാന്തര ഏ‍ജൻസികളിൽ നിന്നു കടം വാങ്ങിയും പണം കണ്ടെത്താനാവുമെന്നാണു പ്രതീക്ഷ.

ചെയ്യാൻ പോകുന്ന പദ്ധതികൾ

∙ 40000 കോച്ചുകൾ അത്യാധുനികമാക്കും. അവയിൽ വിമാനങ്ങളിലേതു പോലെ ഓൺബോർഡ് എന്റർടെയ്ൻമെന്റ്, മെട്രോ ട്രെയിനിനു സമാനമായി ഓട്ടോ ഡോറുകൾ, വൈഫൈ. 

∙ 200 ചതുരശ്ര അടിയിൽ കൂടുതലുള്ള എല്ലാ ‘റെയിൽവേ മേൽക്കൂര’ കളിലും മഴക്കൊയ്ത്തു സംവിധാനം. 

∙ രണ്ടു വർഷത്തിനു ശേഷം ബയോ–ടോയ്‌ലറ്റ് കോച്ചുകൾ മാത്രം. 

∙ സമയപ്പട്ടികയനുസരിച്ച് ഓടുന്ന ചരക്കു വണ്ടികൾ എല്ലാ മേഖലയിലും ഉടൻ. 

റെയിൽവേ പറയുന്നു

∙ കഴിഞ്ഞ മൂന്നു വർഷം വളർച്ചയുടേത്. 1.31 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനു ചെലവിട്ടത്. മുൻ കാലത്തെക്കാൾ ഇരട്ടി വേഗത്തിലായിരുന്നു വികസനം. 

∙ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മീറ്റർ ഗേജ് ഇല്ലാതായി. ഗംഗയിലും ഹൂഗ്ലിയിലും റെയിൽവേയുടെ എൻജിനീയറിങ് മികവു തെളിയിക്കുന്ന സിഗ്നേച്ചർ പാലങ്ങൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ റെയിൽവേ പാലം നിർമാണത്തിൽ. അവിടെ പൂർത്തിയാക്കിയതു രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ടണൽ.  

∙ രാജ്യത്ത് ഏറ്റവും വേഗമുള്ള ഗതിമാൻ എക്സ്പ്രസ് (മണിക്കൂറിൽ 160 കിലോമീറ്റർ) ഓടിത്തുടങ്ങി.

∙ ഡൽഹി – കൊൽക്കത്ത റൂട്ടിൽ വേഗ ഇടനാഴിക്ക് (സെമി ഹൈ സ്പീഡ്–160–200 കിലോമീറ്റർ) അനുമതി. 

∙ പാത ഇരട്ടിപ്പിക്കലിന്റെ വേഗം നാലു കിലോമീറ്ററിൽ നിന്ന് ഏഴു കിലോമീറ്ററിലെത്തി.