കളിക്കാനിടം കണ്ടെത്താൻ ആപ്

‘കളിയാപ്പി’നു പിന്നിൽ പ്രവർത്തിച്ച ബാലമുരളി ഹനീഷ്, എം.സി. ജോസഫ്, വേണി വർഗീസ്, ജസിയ മജീദ് എന്നിവർ

കൊച്ചി ∙ അണ്ടർ 17 ഫുട്ബോൾ ലോകകപ്പോടെ രാജ്യത്തെ മെട്രോ നഗരങ്ങളിൽ കൊച്ചിയുടെ ഗ്രാഫ് വീണ്ടും മുകളിലേക്കുയർന്നിരിക്കുകയാണ്. ഫിഫ നിലവാരമുള്ള സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളുമാണു പ്രത്യേകത. നഗരവാസികളിൽ ഫുട്ബോളിനോടും മറ്റു കായിക ഇനങ്ങളോടുമുള്ള താൽപര്യവുമേറിയിരിക്കുന്നു. ചെറുപ്പക്കാർ മാത്രമല്ല, മധ്യവയസ്സിലേക്കു കാലൂന്നുന്നവർ വരെ ഫുട്ബോളും വോളിബോളും ബാസ്കറ്റ്ബോളുമൊക്കെ കളിക്കാൻ ആഗ്രഹിക്കുന്നു.

ഗ്രാമപ്രദേശത്താണെങ്കിൽ സുഹൃത്തുക്കളെയും സമപ്രായക്കാരെയുമൊക്കെ ചേർത്ത് ഒരു കളിസംഘം രൂപപ്പെടുത്താവുന്നതേയുള്ളൂ. എന്നാൽ കൊച്ചി പോലൊരു വമ്പൻ നഗരത്തിലെ കാര്യം അങ്ങനെയാണോ? വൻതുക കൊടുത്ത് അംഗത്വമെടുത്താലേ സ്പോർട്സ് സെന്ററുകളിലേക്കും ക്ലബുകളിലേക്കും പ്രവേശനം പോലും ലഭിക്കൂ. മണിക്കൂറിന് 1000 മുതൽ 3000 രൂപ വാടകയുള്ള കോർട്ടുകളുമുണ്ട്.

വലിയ തുക നൽകി കളിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾത്തന്നെ സാധാരണക്കാർക്കു കളിമോഹങ്ങൾ ഉപേക്ഷിക്കേണ്ടിവരും. ഇവിടെയാണ് ഒരു ആപ് സഹായവുമായി എത്തുന്നത്. ഫുട്ബോളും ബാഡ്മിന്റനും ക്രിക്കറ്റും തുടങ്ങി ഏതുതരം സ്പോർട്സ് ഇനവും എവിടെയെല്ലാം കളിക്കാൻ സൗകര്യമുണ്ടെന്നാണ് ‘അപ്അപ്അപ്’ എന്ന ഈ ആപ് പറഞ്ഞുതരുന്നത്. കളിയിടങ്ങൾ മാത്രമല്ല, അവിടെ ഒപ്പം കളിക്കാൻ താൽപര്യമുള്ളവർ ആരെല്ലാമെന്നും ഇതുവഴി കണ്ടെത്താനാകും. കൊച്ചി ആസ്ഥാനമായ പേരക്ക മീഡിയ ആണ് ഇതു വികസിപ്പിച്ചിരിക്കുന്നത്.

വിനോദത്തിനായി കായികയിനങ്ങൾ എന്ന ആശയം പ്രചരിപ്പിക്കാനും കായികപ്രേമികളുടെ ഒരു സമൂഹം രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് അപ്അപ്അപ് വികസിപ്പിച്ചതെന്നു പേരക്കയിലെ എം.സി. ജോസഫ് പറയുന്നു. ഇഷ്ടമുണ്ടായിട്ടും സ്‌കൂൾ, കോളജ് കാലത്തിനു ശേഷം ജോലിത്തിരക്കുകൾ കാരണം തങ്ങളുടെ പ്രിയപ്പെട്ട കളികൾ വീണ്ടും കളിക്കാൻ അവസരം കിട്ടാത്തവർക്ക് ഇതു സഹായകമാകുമെന്നും ജോസഫ് പറയുന്നു.

ആപ്പിലൂടെ കളിയും

െവർച്വൽ കണക്ടിവിറ്റിക്കു പകരം റിയൽ കണക്ടിവിറ്റി സാധ്യമാക്കുന്നുവെന്നതാണു പ്രത്യേകത. തങ്ങളുടെ പരിസരത്തുള്ള കളിസ്ഥലങ്ങൾ കണ്ടെത്താനും ബുക്ക് ചെയ്യാനുമാകും. കായികയിനം ആപ്പിൽ രേഖപ്പെടുത്തിയാൽ സഹകളിക്കാരെയും ലഭിക്കുന്നു. ഒരു കായികയിനത്തിൽ മാച്ച് സംഘടിപ്പിക്കാനും അതിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ ക്ഷണിക്കാനും ആപ് അവസരമൊരുക്കുന്നു. ആപ്പിനു പിന്നിൽ പത്തു ചെറുപ്പക്കാർ. പത്തംഗ സംഘമാണ് അപ്അപ്അപ് വികസിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ മൈതാനങ്ങളും വേദികളും സന്ദർശിച്ച ഇവർക്ക് അവിടങ്ങളിലെ അധികൃതരിൽ നിന്നും ക്രിയാത്മകമായ പ്രതികരണമാണ് ലഭിച്ചത്.

കൊച്ചിയിൽ 300 കളിസ്ഥലങ്ങൾ

നിലവിൽ കൊച്ചിയിൽ 300 വേദികൾ കണ്ടെത്തിയിട്ടുണ്ട്. താമസിയാതെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

 ഉയർന്ന നിലവാരം എല്ലാവർക്കും

സാധാരണയായി മൈതാനങ്ങളും കോർട്ടുകളും അംഗത്വമുള്ളവർക്കാണ് അനുവദിക്കുന്നത്. എന്നാൽ ആപ്പിലൂടെ താൽപര്യമുള്ളവർക്ക് ഉയർന്ന സൗകര്യങ്ങളുള്ള വേദികളിൽ പ്രവേശനം ലഭിക്കുന്നു. ഇത്തരം വേദികൾ രാവിലെയും വൈകുന്നേരങ്ങളിലുമാണു സാധാരണയായി തുറക്കുന്നത്. പകൽസമയങ്ങളിലേറെയും ഇവ അടഞ്ഞുകിടക്കുകയാണു പതിവ്. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്കു കളിസ്ഥലം അനുവദിക്കുന്നതിലൂടെ മൈതാന ഉടമകൾക്ക് അധിക വരുമാനമുണ്ടാക്കാനുള്ള അവസരമാണു ലഭിക്കുന്നത്.

ആപ്പിൽ ഉപയോക്താക്കൾക്ക് ഓഫറുകൾ ലഭ്യമാക്കുകയും വേദികളെ റേറ്റ് ചെയ്യാനും റിവ്യുകൾ രേഖപ്പെടുത്താനുമുള്ള സൗകര്യവുമുണ്ട്. കോച്ചിങ് സൗകര്യങ്ങളെക്കുറിച്ചും ട്രെയിനർമാരെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ലിങ്കും താമസിയാതെ ഉൾപ്പെടുത്തും.