കൊച്ചി ∙ രാജ്യത്തെ 12 മേജർ തുറമുഖങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 64.78 കോടി ടൺ ചരക്ക്. കടൽ വഴിയുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ സിംഹഭാഗവും കയ്യാളുന്നത് ഈ തുറമുഖങ്ങളാണ്. എന്നിട്ടും, അവയിൽ പലതിനും സ്ഥിരം അമരക്കാരനെ നിയമിക്കാൻ കേന്ദ്ര സർക്കാർ വൈകുകയാണ്. കൊച്ചി ഉൾപ്പെടെ രാജ്യത്തെ അഞ്ചു മേജർ തുറമുഖങ്ങളാണു സ്ഥിരം ചെയർമാനില്ലാതെ തുഴയുന്നത്.
തുറമുഖ മേഖലയിൽ മാത്രമല്ല, മറ്റു പല മേഖലയിലും സ്ഥിതി സമാനം. പൊതുമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ രാസവള നിർമാണശാലയായ ഫാക്ടിനും സ്ഥിരം നാഥനില്ല. രാജ്യം സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഉന്നത പദവികളിൽ സ്ഥിര നിയമനം വൈകിക്കുന്നതു തിരിച്ചടിയാകുമെന്നാണു വിലയിരുത്തൽ.
∙ കൊച്ചി തുറമുഖം കാത്തിരിക്കുന്നു, 17 മാസമായി
സ്ഥിരം ചെയർമാൻ ഇല്ലാതായി പത്താം മാസത്തിലാണു കൊച്ചി പോർട് ട്രസ്റ്റിനു താൽക്കാലിക ചെയർമാനെയെങ്കിലും കിട്ടിയത്. ചെന്നൈ പോർട് ട്രസ്റ്റ് ചെയർമാൻ പി. രവീന്ദ്രനാണു കൊച്ചി തുറമുഖത്തിന്റെ അധികച്ചുമതല. കഴിഞ്ഞ വർഷം മേയ് 16 നു പോൾ ആന്റണി ചെയർമാൻ സ്ഥാനമൊഴിഞ്ഞതിനു ശേഷം ഡപ്യൂട്ടി ചെയർമാൻ വി. രമണയ്ക്കു താൽക്കാലിക ചുമതല നൽകിയാണു തുറമുഖം പ്രവർത്തിച്ചിരുന്നത്. ഒടുവിൽ, ഈ വർഷം മാർച്ച് അവസാനം പി. രവീന്ദ്രന് അധികച്ചുമതല നൽകി. സ്ഥിരം ചെയർമാനെ നിയമിക്കുമെന്നു പറയുന്നതല്ലാതെ നടപടികളില്ല.
∙ കൊച്ചിക്കു കൂട്ടായി നാലു തുറമുഖങ്ങൾ കൂടി
കൊച്ചിക്കു പുറമേ എന്നോർ കാമരാജർ തുറമുഖം, തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖം, ന്യൂ മംഗളൂരു, കൊൽക്കത്ത തുറമുഖം എന്നിവയ്ക്കും സ്ഥിരം ചെയർമാനില്ല. വി.ഒ. ചിദംബരനാർ തുറമുഖ ചെയർമാന്റെ അധികച്ചുമതല വഹിക്കുന്നതു മർമഗോവ പോർട് ട്രസ്റ്റ് ചെയമാർ ഐ. ജയകുമാർ. വിശാഖപട്ടണം പോർട് ട്രസ്റ്റ് ചെയർമാൻ എം.ടി. കൃഷ്ണബാബുവിനാണു കൊൽക്കത്ത തുറമുഖത്തിന്റെ അധികച്ചുമതല. കാമരാജർ തുറമുഖ ചെയർമാന്റെ അധികച്ചുമതല വഹിക്കുന്നതു പാരദീപ് പോർട് ട്രസ്റ്റ് ചെയർമാൻ റിൻകേഷ് റോയ്.
∙ ഫാക്ടിനു വേണം സിഎംഡി
തുറമുഖ മേഖലയിൽ മാത്രമല്ല, ഉന്നത നിയമനങ്ങൾ വൈകുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഫാക്ടിനു സ്ഥിരം ചെയർമാനില്ലാതായിട്ട് അടുത്ത മാസം ഒരു വർഷം തികയും. ജിപ്സം അഴിമതിക്കേസിൽ കുറ്റാരോപിതനായ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ജയ്‌വീർ ശ്രീവാസ്തവ കഴിഞ്ഞ നവംബർ മൂന്നിനു പുറത്താക്കപ്പെട്ടതിനു ശേഷം ഇടക്കാല സിഎംഡിയാണു ഫാക്ടിന്റെ അധികച്ചുമതല വഹിക്കുന്നത്. ഏതാനും മാസം മദ്രാസ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് മാനേജിങ് ഡയറക്ടർ എ.ബി. ഖരെയ്ക്കായിരുന്നു അധികച്ചുമതല. പിന്നീട്, കേന്ദ്ര രാസവളം മന്ത്രാലയം സെക്രട്ടറി സുശീൽ കുമാർ ലൊഹാനിക്ക് അധികച്ചുമതല നൽകി.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്ഥാപനത്തിനു സ്ഥിരം സിഎംഡിയെ നിയമിക്കണമെന്ന ആവശ്യം പലവട്ടം ഉയർന്നിരുന്നെങ്കിലും നിശബ്ദത പാലിച്ച കേന്ദ്ര സർക്കാർ കഴിഞ്ഞ മാസമാണു സ്ഥിരം സിഎംഡിയെ നിയമിക്കാൻ നടപടി തുടങ്ങിയത്. പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ബോർഡിനാണു ചുമതല. ഒഴിഞ്ഞു കിടക്കുന്ന ടെക്നിക്കൽ ഡയറക്ടർ പദവിയിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.
Advertisement