തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ കണ്ണൂർ മട്ടന്നൂരിലെ നിർദിഷ്ട ആയുർവേദ റിസർച് സെന്ററിൽ (ഐആർഐഎ) രാജ്യാന്തര നിലവാരത്തിലുള്ള യോഗ, കളരിപ്പയറ്റ് പഠന ഗവേഷണ കേന്ദ്രങ്ങളും ഉൾപ്പെടുത്തണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്. സംസ്ഥാനത്ത് ആദ്യമായാണു രണ്ട് വിഭാഗങ്ങളിലും സർക്കാർതലത്തിൽ ഗവേഷണ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. ആയുർവേദ ഗവേഷണത്തിനു സഹായകരമാകുന്ന മറ്റു ശാസ്ത്ര ഗവേഷണ ശാഖകളെയും ശാസ്ത്രജ്ഞരെയും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്.
യോഗ പഠനത്തിനും പരിശീലനത്തിനും കേന്ദ്രസർക്കാർ നൽകുന്ന പ്രാധാന്യം പരിഗണിച്ചാണ് ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ യോഗയ്ക്കു പ്രത്യേക വിഭാഗം അനുവദിക്കാൻ തീരുമാനം.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈവല്യധാമം, ഗുജറാത്ത് ജാംനഗറിലെ പതഞ്ജലി യോഗ സെന്റർ എന്നിവിടങ്ങളിൽ വിദഗ്ധ സമിതി സന്ദർശനം നടത്തിയിരുന്നു. രണ്ടു കേന്ദ്രങ്ങളുടെയും മാതൃകയിലാണ് ആയുർവേദ ഗവേഷണ കേന്ദ്രത്തിലും യോഗ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുക. രാജ്യത്തിനുള്ളിലും പുറത്തും യോഗ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കു കേന്ദ്രസർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കുന്നുണ്ട്. 300 കോടി രൂപ ചെലവ് വരുന്ന ആയുർവേദ ഗവേഷണ കേന്ദ്രത്തിനു നിലവിൽ 150 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. ഇതിനുപുറമെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേകമായി സ്ഥാപിക്കുന്ന യോഗ ഗവേഷണ കേന്ദ്രത്തിന്റെ മുഴുവൻ ഫണ്ടും കേന്ദ്രം വഹിക്കും.
കളരിപ്പയറ്റ് ആയോധന കലയാണെങ്കിലും പരിശീലനവും മുന്നോടിയായുള്ള ശാരീരിക ഒരുക്കങ്ങളും ഗവേഷണ വിഷയങ്ങളാണെന്നാണു സമിതിയുടെ വിലയിരുത്തൽ. ഇതിനു പുറമെ മൃഗം വളർത്തൽ കേന്ദ്രം, ഒൗഷധസസ്യ പാർക്ക്, ഒൗഷധ സസ്യങ്ങളുടെ വിത്ത് ബാങ്ക് എന്നിവയും ഉൾപ്പെടുത്തണമെന്നാണു നിർദേശം.
ഹ്രസ്വ, ദീർഘ ഗവേഷണങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങുക. നിലവിൽ പിജിയും പിഎച്ച്ഡിയും മാത്രമായിരിക്കും കോഴ്സുകൾ. നഴ്സിങ് ബിരുദ കോഴ്സുകളും അനുബന്ധമായി തുടങ്ങും. ജനിതക വൈകല്യങ്ങൾക്കുള്ള ഗവേഷണങ്ങൾക്കു പ്രത്യേക പ്രാധാന്യം നൽകണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഡോ.ജ്യോതിലാൽ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് ദേശീയ ആയുർവേദ മിഷൻ സംഘടിപ്പിച്ച യോഗത്തിൽ ചർച്ച ചെയ്തു. വിശദമായ പദ്ധതി റിപ്പോർട്ട് ചെന്നൈ ആസ്ഥാനമായ കമ്പനി ജനുവരിയോടെ തയാറാക്കും.