Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുസ്ഥാൻ ലാറ്റക്സ്: 100% സ്വകാര്യം

hll

കൊച്ചി ∙ തിരുവനന്തപുരത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പൂർണമായും സ്വകാര്യ കൈകളിലേക്ക്. എച്ച്എൽഎല്ലിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള മന്ത്രിതല സമിതിയുടെ തീരുമാനത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകാരം നൽകി.

രണ്ടു ഘട്ടമായുള്ള ലേലത്തിലൂടെ എച്ച്എൽഎൽ ലൈഫ് കെയറിന്റെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാനാണു തീരുമാനം. കൂടാതെ എച്ച്എൽഎൽ ലൈഫ് കെയറിനു കീഴിലുള്ള വാക്സിൻ ഉൽപാദന സംരംഭവും (എച്ച്എൽഎൽ ബയോടെക് ലിമിറ്റഡ്) മെഡിപാർക്കും പ്രത്യേക സംരംഭങ്ങളാക്കി മാറ്റാനുള്ള നിതി ആയോഗ് നിർദേശത്തിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഈ മാസം ഒന്നിനു ചേർന്ന മന്ത്രിതല സമിതിയുടെ അംഗീകാരം കിട്ടിയതറിയിച്ചും ആവശ്യമായ നടപടികൾ ആരംഭിക്കാനാവശ്യപ്പെട്ടും എച്ച്എൽഎല്ലിനു മന്ത്രാലയം കത്തയച്ചു. വിഭജിക്കലിനും വിറ്റഴിക്കലിനുമുള്ള നടപടിക്രമങ്ങൾ മൂന്നു മാസത്തിനുള്ളിൽ നടത്തണമെന്നു കമ്പനി സെക്രട്ടറിക്ക് തിങ്കളാഴ്ച അയച്ച കത്തിൽ വ്യക്തമാക്കുന്നു.

പ്രത്യേക വിഭാഗങ്ങളാക്കി വാക്സിൻ വിഭാഗത്തെയും മെഡിപാർക്കിനെയും പൊതുമേഖലയിൽ നിലനിർത്തണമെന്നാണു നിതി ആയോഗിന്റെ നിർദേശം. 49% ഓഹരി മാത്രം വിൽപന നടത്തി കമ്പനിയെ പൊതുമേഖലയിൽ നിലനിർത്തുകയെന്നതായിരുന്നു കമ്പനി മാനേജ്മെന്റിന്റെ നിർദേശം.

ആരോഗ്യ പരിപാലന മേഖലയിൽ രാജ്യത്തിനു മികച്ച സംഭാവന നൽകുകയും തുടർച്ചയായി ലാഭമുണ്ടാക്കുകയും ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണ് ‘മിനിരത്ന’ പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ (ഹിന്ദുസ്ഥാൻ ലാറ്റക്സ്). സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്കു വിൽക്കാനുള്ള നീക്കം തടയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. അയ്യായിരത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്

1966–ലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിരുവനന്തപുരത്തു ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്ഥാപിച്ചത്. ഗർഭനിരോധന ഉറകൾ നിർമിക്കാനുള്ള ലാറ്റക്സ് ആവശ്യത്തിനു ലഭിക്കുമെന്നതാണു കേരളത്തിൽ ഈ ഫാക്ടറി വരാനുള്ള പ്രധാന കാരണം. സംസ്ഥാന സർക്കാർ അതിന് എല്ലാ പിന്തുണയും നൽകി. പൂജപ്പുരയിൽ 19 ഏക്കർ ഭൂമി സൗജന്യമായി കൊടുത്തു. കഴിഞ്ഞ അഞ്ചു ദശാബ്ദംകൊണ്ടു കമ്പനി നല്ല വളർച്ച നേടി. വിദേശരാജ്യങ്ങളിലും എച്ച്എൽഎൽ ഉൽപന്നങ്ങൾ പ്രീതി നേടി.

കമ്പനിയുടെ 80% വരുമാനവും ഉൽപന്ന വിൽപനയിലൂടെയാണ്, ഇതിൽ പകുതി വരുമാനവും ഗർഭനിരോധന ഉറയുടെ വിൽപനയിലൂടെ. കർണാടക, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും യൂണിറ്റുകൾ സ്ഥാപിച്ചു. ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രധാന ആരോഗ്യപരിപാലന പരിപാടികളിൽ പ്രധാന പങ്കാളി കൂടിയാണു കമ്പനി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നു വിതരണം ചെയ്യുന്നതിനു രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ എച്ച്എൽഎൽ ലൈഫ് കെയറിന്റെ നേതൃത്വത്തിൽ കൂടുതൽ ഫാർമസികൾ ആരംഭിക്കാനും തീരുമാനമുണ്ടായിരുന്നു.