മുംബൈ ∙ വീടുകളും ഫ്ലാറ്റുകളും വാങ്ങുന്നവരുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള റിയൽ എസ്റ്റേറ്റ് റഗുലേഷൻ ആൻഡ് ഡവലപ്മെന്റ് ആക്ടിന്റെ (റേറ) ഭരണഘടനാസാധുത ശരിവച്ച് ബോംബെ ഹൈക്കോടതി വിധി. മുടങ്ങിക്കിടക്കുന്ന നിർമാണപദ്ധതികൾ പൂർത്തിയാക്കുന്നതിനും ഉപയോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമം സഹായകരമാണെന്നു വിവിധ കെട്ടിടനിർമാതാക്കൾ നൽകിയ തടസ്സ ഹർജികൾ തള്ളിക്കൊണ്ടു കോടതി വ്യക്തമാക്കി. ഭാവിയിൽ ഇന്ത്യയിലെവിടെയും ‘റേറ’യുമായി ബന്ധപ്പെട്ട കേസുകളിൽ ഈ വിധി മാനദണ്ഡമാകും. ‘റേറ’ ദേശീയ നിയമമാണെങ്കിലും അതിന്റെ നിർവഹണം സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.
ഫ്ലാറ്റ് കൈമാറാനുളള സമയപരിധി പാലിക്കാനാകാത്ത കേസുകൾ ഓരോ സംസ്ഥാനത്തെയും റേറ അധികൃതരും അപ്പലേറ്റ് ട്രൈബ്യൂണലും കെട്ടിട നിർമാതാക്കളുമായി ചേർന്ന് വെവ്വേറെ പരിഗണിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ മൂലമാണു പദ്ധതി വൈകിയതെന്നു വ്യക്തമായാൽ റജിസ്ട്രേഷൻ റദ്ദാക്കരുതെന്ന നിർദേശം നിർമാണക്കമ്പനികൾക്ക് അനുകൂലമാണെന്നു വിലയിരുത്തുന്നു.
മേയിൽ പ്രാബല്യത്തിൽ വന്ന ‘റേറ’യുടെ സാധുത ചോദ്യം ചെയ്ത് സെപ്റ്റംബറിൽ വിവിധ ഹൈക്കോടതികളിൽ കെട്ടിടനിർമാതാക്കൾ ഹർജി നൽകിയിരുന്നു. മറ്റു കോടതികളിലെ വാദം തടഞ്ഞ സുപ്രീം കോടതി, ഹർജികൾ ആദ്യം പരിഗണിക്കാൻ ബോംബെ ഹൈക്കോടതിയോടു നിർദേശിക്കുകയായിരുന്നു. ഇവിടെ വിധി വരുന്നതുവരെ മറ്റു കോടതികൾ കാത്തിരിക്കാനും നിർദേശിച്ചിരുന്നു.
Advertisement