ആലപ്പുഴ ∙ നോട്ട് നിരോധനത്തിനു ശേഷം സംസ്ഥാനത്തെ നികുതി വരവു വർധിച്ചതായി ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പി.കെ.ദാസ്. കഴിഞ്ഞ സാമ്പത്തിക വർഷം മുൻവർഷങ്ങളെക്കാൾ 20 ശതമാനത്തോളം നികുതി വരവു വർധിച്ച് 13,000 കോടി രൂപയായി. ഇത്തവണ 19% വരെ നികുതി വരവു വർധിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിനുശേഷം ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. വലിയ തുക നിക്ഷേപിച്ചവരിൽ വരുമാനം വെളിപ്പെടുത്താത്തവരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. നോട്ട് നിരോധനത്തിനുശേഷം റിട്ടേൺ ഫയൽ ചെയ്യാതെ വലിയ തുക അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർക്കു നോട്ടിസ് നൽകും. ബെനാമി ഇടപാടുകളുമായി ബന്ധപ്പെട്ടു മുപ്പതോളം കേസുകൾ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബാങ്കുകളും റിട്ടേൺ ഫയൽ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റ് കമ്പനികൾക്കുള്ള നികുതി നിരക്കു കുറച്ചതു സർക്കാരിന്റെ വരുമാനം വർധിപ്പിച്ചിട്ടുണ്ട്. നികുതിനിരക്ക് ഉയർന്നിരുന്നപ്പോൾ കള്ളപ്പണം സൂക്ഷിച്ചിരുന്നവർ നിരക്കു കുറച്ചപ്പോൾ നികുതി അടയ്ക്കാൻ സന്നദ്ധരാകുന്നുണ്ട്. ജിഎസ്ടി നടപ്പായതോടെ നികുതി വരുമാനം വർധിക്കേണ്ടതാണ്. എന്നാൽ, ജിഎസ്ടി ഇപ്പോഴും കടലാസിൽ നിന്നു യാഥാർഥ്യത്തിലേക്കു പൂർണമായി എത്താത്തതു നികുതി വരുമാനത്തെ ബാധിക്കുന്നുണ്ടെന്നും പി.കെ.ദാസ് പറഞ്ഞു.