Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീടനാശിനി ഇറക്കുമതി നിരോധനം രാസവസ്തു വ്യവസായ മേഖല പ്രതിസന്ധിയിൽ

pesticides

കോട്ടയം ∙ കീടനാശിനികളും അവ ഉൽപാദിപ്പിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളും കൊച്ചി തുറമുഖത്തു  ഇറക്കുമതി നടത്താൻ പാടില്ലെന്ന ഉത്തരവു നിലവിൽ വന്നതോടെ സംസ്ഥാനത്തെ വളം, കീടനാശിനി, രാസവസ്തു വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്. കേന്ദ്ര കൃഷി മന്ത്രാലത്തിന്റെ വിജ്ഞാപനം അനുസരിച്ചു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് കൊച്ചി കസ്റ്റംസിന് നിരോധന നിർദേശം നൽകിയത്. ഇനി ചെന്നൈ തുറമുഖത്തു മാത്രമാണ് ഇത്തരം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനാവുക. 

തുരിശു നിർമാണത്തിനുള്ള കോപ്പർ കോംപൗണ്ട് കൂടാതെ, അമോണിയ, പൊട്ടാസ്യം നൈട്രേറ്റ്, ടൈറ്റാനിയം പൗഡർ, സൾഫർ, കോപ്പർ ഓക്സിക്ലോറൈഡ്, ഫോർമിക് ആസിഡ്, പൊട്ടാസ്യം ക്ലോറൈഡ്, മീഥൈൻ തുടങ്ങിയവ ഉൾപ്പെടെ 684 രാസവസ്തുക്കളുടെ ഇറക്കുമതിയാണു നിരോധിച്ചത്.  രാസവസ്തുക്കൾ ചെന്നൈ തുറമുഖത്ത് ഇറക്കി റോഡ് മാർഗം വേണം കേരളത്തിലെത്തിക്കാൻ. ഇതു മൂലം കണ്ടെയ്നറിന് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ അധികം നൽകണം. ഉൽപാദന ചെലവു വർധിച്ചാൽ ആനുപാതികമായി ഉൽപന്ന വിലയും വർധിപ്പിക്കേണ്ടി വരുമെന്ന സൂചനയും വ്യവസായ മേഖല നൽകുന്നുണ്ട്. വിശാഖപട്ടണം, തൂത്തുക്കുടി, മംഗളൂരു തുറമുഖങ്ങൾക്കും ഇത്തരം രാസവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല.