ന്യൂഡൽഹി ∙ കേരളത്തിൽ നിന്നുള്ള ആകാശ യാത്രികർക്കൊരു സന്തോഷ വാർത്ത. പ്രധാന വിമാനത്താവളങ്ങളിൽ നിന്നടക്കം രാജ്യത്തെ വിനോദസഞ്ചാര മേഖലയെ സഹായിക്കാൻ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യോമയാന മന്ത്രി അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇക്കാര്യത്തിൽ വിമാന കമ്പനികളുമായുള്ള ചർച്ചയ്ക്കു വ്യോമയാന മന്ത്രാലയം മുൻകയ്യെടുക്കും. എല്ലാവർക്കും വിമാനയാത്ര സാധ്യമാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിന്റെ റീജനൽ കണക്ടിവിറ്റി സ്കീം (ഉഡാൻ) ചെന്നെത്താത്ത മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകി. കൊച്ചി, ഗോവ, ജയ്പൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിധം വിമാന സർവീസുകൾ, കോഴിക്കോട്ടു നിന്നു രാജ്യാന്തര സർവീസുകൾ, ഡൽഹിയിൽ നിന്നു കോഴിക്കോട്ടേക്കു കൂടുതൽ സർവീസുകൾ എന്നിവയായിരുന്നു കണ്ണന്താനം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാക്കാൻ മന്ത്രാലയത്തിന്റെ ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹജുറാഹോയിലേക്ക് എയർ ഇന്ത്യയുടെ ദിവസേന സർവീസ്, അജന്ത–എല്ലോറയിലേക്കുള്ള യാത്രക്കാരുടെ സൗകര്യത്തിനായി ഔറംഗബാദിലേക്കു കൂടുതൽ സർവീസുകൾ, ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നു ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലേക്കു കൂടുതൽ വിമാനം, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളില്‍ നിന്നു ശ്രീനഗറിലേക്കു ദിവസേന സർവീസുകൾ, വാരാണസിയിലേക്കു കൂടുതൽ സർവീസുകൾ, ഹംപിയിലേക്കു കൂടുതൽ യാത്രക്കാരെ എത്തിക്കാൻ ജിൻഡാൽ വിമാനത്താവളത്തിൽ നിന്നു കൂടുതൽ വിമാന സർവീസുകൾക്കും നിർദേശമുണ്ട്.