ടൂറിസത്തിൽ യോഗയും ആയുർവേദവും വേണം: മന്ത്രി‌

തിരുവനന്തപുരം∙ ആയുർവേദവും യോഗയും സംയോജിപ്പിച്ചു കൊണ്ടുള്ള ടൂറിസത്തിനാണു കേരളം പ്രാധാന്യം നൽകേണ്ടതെന്നു കേന്ദ്രമന്ത്രി ശ്രീപദ് യെശോ നായിക്. കേരളത്തെ രാജ്യാന്തര യോഗാ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടു സംഘടിപ്പിച്ച യോഗ അംബാസഡർ ടൂർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഏറെ പ്രചാരമുള്ള ആയുർവേദ ചികിൽസയിൽ യോഗയ്ക്കു വളരെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ഇതിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു പല രംഗങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളം, യോഗാ അംബാസഡർ ടൂറിലൂടെ മറ്റൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

23 രാജ്യങ്ങളിലെ 60 യോഗ അംബാസഡർമാരാണു പരിപാടിയിൽ പങ്കെടുക്കുന്നത്. ആയുഷ് മന്ത്രാലയം, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയാണ് (അറ്റോയ്) യോഗ ടൂർ സംഘടിപ്പിച്ചിരിക്കുന്നത്. ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി രഞ്ജിത് കുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, അറ്റോയ് പ്രസിഡന്റ് അനീഷ് കുമാർ, ടൂറിസം അഡീഷനൽ ഡയറക്ടർ ജാഫർ മാലിക് എന്നിവർ പ്രസംഗിച്ചു.