ദോഹ ∙ ന്യൂയോർക്കിലെ പ്രസിദ്ധമായ പ്ലാസ ഹോട്ടൽ ഖത്തർ സ്വന്തമാക്കുന്നു. സർക്കാർ ഉടമസ്‌ഥതയിലുള്ള കത്താറ ഹോൾഡിങ്‌സ് ആണ് 60 കോടി ഡോളറിന് ( ഏകദേശം 4150 കോടി രൂപ) ഹോട്ടൽ വാങ്ങാൻ കരാർ ഉറപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു.
ന്യൂയോർക് നഗരത്തിന്റെ മുഖമുദ്രകളിൽ ഒന്നാണ് പ്ലാസ ഹോട്ടൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്‌ഥതയിൽ ആയിരുന്നു ഒരിക്കൽ ഇത്. ഹോട്ടലിന്റെ പൂർണമായ ഉടമസ്‌ഥാവകാശമാണ് കത്താറ സ്വന്തമാക്കുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ഇന്ത്യൻ കമ്പനിയായ സഹാറയുടെ പക്കലാണ് ഹോട്ടലിന്റെ 75% ഓഹരികളും. എന്നാൽ കത്താറ ഹോൾഡിങ്ങോ സഹാറയോ ഇടപാടിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ന്യൂയോർക് പ്ലാസ, ന്യൂയോർക്കിലെതന്നെ ഡ്രീം ഡൗൺടൗൺ ഹോട്ടൽ, ലണ്ടനിലുള്ള ഗ്രോസ്‌വെനർ ഹൗസ് എന്നിവയിൽ സഹാറയ്‌ക്കുള്ള ഓഹരികൾ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക്(ക്യുഐഎ) വിൽക്കാൻ 2016 ജൂലൈയിൽ ഇന്ത്യൻ സുപ്രീം കോടതി സഹാറയ്‌ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇടപാടിൽനിന്ന് ക്യുഐഎ പിൻമാറി.