Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയാൽ കാർ പാർക്കും ലോക റെക്കോർഡിലേക്ക്

nedumbassery-car-parking കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രാജ്യാന്തര ടെർമിനലിനു മുന്നിലെ സോളർ കാർപോർട്ട്. ഇവിടെ 1400 കാറുകൾക്കു പാർക്ക് ചെയ്യാം.

പൂർണമായും സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ഖ്യാതി  നേടിയ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) ഇനി ലോകത്തെ ഏറ്റവും വലിയ സോളർ കാർപോർട്ടിനും ഉടമയാകുന്നു. ഇരു ടെർമിനലുകളുടെയും മുന്നിലെ പാർക്കിങ് ബേയുടെ മേൽക്കൂരയിൽ നിന്നു മാത്രം 5.1 മെഗാവാട്ട് വൈദ്യുതിയാണു സിയാൽ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഒപ്പം കാറുകൾക്ക് വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണവും. 

രാജ്യാന്തര ടെർമിനലിനു മുന്നിലെ കാർപോർട്ട് 2.7 മെഗാവാട്ട് ശേഷിയുള്ളതാണ്. ഇതിന്റെ പ്രവർത്തനം മാസങ്ങൾ‌ക്കു മുൻപേ ആരംഭിച്ചിരുന്നു. നവീകരണം നടക്കുന്ന ആഭ്യന്തര ടെർമിനലിനു മുന്നിലും കാർപോർട്ടിന്റെ നിർമാണം ദ്രുതഗതിയിൽ നടന്നു വരികയാണ്. 2.4 മെഗാവാട്ട് ആണ് ഇതിന്റെ ശേഷി. 

nedumbassery-car-parking1 നവീകരണം നടന്ന ആഭ്യന്തര ടെർമിനലിനു മുന്നിൽ നിർമാണം പൂർത്തിയാകുന്ന സോളർ കാർപോർട്ട്.

രണ്ട് വർഷം മുൻപു സിയാൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായി മാറിയിരുന്നു. അന്ന് 15.4 മെഗാവാട്ട് ആയിരുന്നു ശേഷി. പുതിയ രാജ്യാന്തര ടെർമിനൽ സജ്ജമായതോടെ വൈദ്യുതി ആവശ്യം വർധിക്കുന്നതിനനുസരിച്ച് സിയാൽ സൗരോർജത്തിന്റെ ഉൽപാദനവും അതിനനുസരിച്ച് വർധിപ്പിച്ചു വരികയാണ്. ആഭ്യന്തര ടെർമിനൽ നവീകരണം പൂർത്തിയാകുന്നതു കൂടി കണക്കിലെടുത്ത് സൗരോർജോൽപാദനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ടെർമിനലിനു മുന്നിലെ കാർപോർട്ട് കൂടി പൂർണമാകുന്നതോടെ സിയാലിന്റെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ട് ആയി ഉയരും. 

1400 കാറുകൾക്ക് പാർക്കു ചെയ്യാൻ കഴിയുന്നതാണ് രാജ്യാന്തര ടെർമിനലിനു മുന്നിലെ കാർപോർട്ട്. ആഭ്യന്തര ടെർമിനലിനു മുന്നിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കാർപോർട്ടിൽ ഏതാണ്ട് 1250 കാറുകൾക്ക് പാർക്കു ചെയ്യാൻ കഴിയും. ഇപ്പോൾ ഏതാണ്ട് 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സിയാൽ സൗരോർജത്തിൽ നിന്നുൽപാദിപ്പിക്കുന്നത്. സ്വന്തം ആവശ്യത്തിനുള്ളതെടുത്ത് ബാക്കി കെഎസ്ഇബിക്കു നൽകുന്നു.