Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ എഡേയ് !

US-APPLE-DEBUTS-LATEST-PRODUCTS

അമേരിക്കക്കാരും ഇന്ത്യൻ സായിപ്പന്മാരും കയ്യിലുള്ള കാശ് എങ്ങനെ വിനിയോ​ഗിക്കണമെന്ന് അറിയാതെ അന്തം വിട്ടിരിക്കുന്നതുകൊണ്ട് മാത്രം വിറ്റുപോകുന്നതാണ് ആപ്പിൾ ഐഫോൺ എന്ന് അഭിപ്രായമുള്ളവരുണ്ട്. ഓരോ വർഷവും പുതിയ പതിപ്പുകൾ ഇറങ്ങുമ്പോൾ വിലയിൽ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും വീതം വർധനയോടെ ആപ്പിൾ മുന്നോട്ടു പോകുമ്പോൾ അതിനനുസരിച്ച് എന്തു മികവാണ് ഈ ഫോണിലുള്ളത് എന്നതാണ് ചിലരുടെ ചോദ്യം.

ഇന്ത്യയും ആഫ്രിക്കയും പോലുള്ള വിപണികളിൽ ഐഫോൺ ഈ വിലയും പതിച്ചെത്തിയാൽ വിയർക്കും എന്നാണ് ആൻഡ്രോയ്ഡ് ഫാൻസ് പറയുന്നത്. കഴിഞ്ഞ ദിവസം ആപ്പിൾ പുറത്തിക്കിയ ഐഫോൺ 10എസ്, 10 എസ് മാക്സ്, 10 ആർ എന്നീ മോഡലുകൾ ആപ്പിളിന്റെ ബിസിനസ് മോഡലിൽ വിട്ടു വീഴ്ചയിലാത്ത പതിപ്പുകളാണ്. മൂന്നു ഫോണുകളിലും വച്ച് വില കുറഞ്ഞ മോഡൽ 10ആർ ആണ്. 64 ജിബി മെമ്മറിയുള്ള മോഡലിന് 76,900 രൂപയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില. ഐഫോൺ 10 എസ് മാക്സ് 512 ജിബി മെമ്മറി പതിപ്പിന് വില ഒന്നേകാൽ ലക്ഷം കവിയും.

ലോക സ്മാർട്ഫോൺ വിപണിയിൽ ആകെ വിറ്റഴിക്കുന്ന ഫോണുകളുടെ എണ്ണത്തിൽ ആപ്പിൾ ഓരോ പാദത്തിലും പിന്നോട്ടാണ് എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കണക്കു നോക്കിയാൽ തന്നെ ഈ വർഷം ജൂൺ വരെ ഇന്ത്യയിൽ ആകെ വിറ്റുപോയത് കഷ്ടിച്ച് 10 ലക്ഷം ഐഫോണുകളാണ്. 2017ൽ ഇന്ത്യയിൽ 32 ലക്ഷം ഐഫോണുകൾ വിറ്റഴിച്ചിടത്താണ് ഇത്. ആൻഡ്രോയ്ഡിനു മുൻതൂക്കമുള്ള ഇന്ത്യൻ വിപണിയിൽ വിറ്റുപോകുന്ന ഐഫോണുകൾ ആകെ രണ്ടു ശതമാനവും.

-iphone-xs-max-and-iphone-xr

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി ഇന്ത്യയിൽ നിർമാണശാല തുടങ്ങിയ ശേഷമുള്ള സ്ഥിതിയാണിത് എന്നതും പ്രധാനം. ഇന്ത്യയിൽ സാംസങ്ങും ഷഓമിയും ഒപ്പോ-വിവോ നിരയുമാണ് സ്മാർട്ഫോൺ വിപണിയിൽ ആപ്പിളിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നത്. ആ​ഗോള വിപണിയിലാകട്ടെ ആപ്പിളിനെ മൂന്നാം സ്ഥാനത്തേക്കു തള്ളി ചൈനയുടെ ഹ്വാവേ രണ്ടാം സ്ഥാനത്തെത്തി. യുഎസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഹ്വാവേ ഈ മൃ​ഗീയ വളർച്ച നേടിയത്.

വിറ്റുപോകുന്ന ഫോണുകളുടെ എണ്ണം കുറച്ചു കുറഞ്ഞാലും ആപ്പിളിന് ആശങ്ക തെല്ലുമില്ല. കാരണം, ഫോണിന്റെ ഉയർന്ന വില മൂലം വരുമാനം വർധിക്കുകയാണ്. ഈ വർഷം ആദ്യത്തെ കണക്കു പ്രകാരം ഇന്ത്യൻ വിപണിയിൽ നിന്നുള്ള ആപ്പിളിന്റെ വരുമാനത്തിൽ കമ്പനിക്കു റെക്കോർഡ് നേട്ടമാണ്. 4ജിയുടെ വ്യാപനവും പുതിയ ഐഫോൺ പതിപ്പുകളും ഇനിയുള്ള മാസങ്ങളിലും അടുത്ത വർഷം ആദ്യവും ആപ്പിളിനു വലിയ നേട്ടമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

iPhone-xs

പുതിയ ഐഫോണുകൾ ഈ വർഷം ഇന്ത്യൻ വിപണിയിൽ പുതിയ റെക്കോർഡുകൾ തീർക്കും എന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ. വിട്ടുവീഴ്ചയില്ലാത്ത നിലവാരത്തോടെ, പിഴവില്ലാത്ത മികവോടെ എത്തുന്ന ഫോണുകൾ യുഎസിൽ അനാവരണം ചെയ്തതിനു പിന്നാലെ ആപ്പിളിന്റെ ഇന്ത്യയിലെ ഡീലറായ റെഡിങ്​ടൺ ഇന്ത്യയുടെ ഓഹരിയിൽ മൂന്നു ശതമാനം വിലവർധനയുണ്ടായത് ഈ പ്രതീക്ഷയുടെ തെളിവാണ്.

പുതിയ ഐഫോണുകൾ ഇന്ത്യയിലെ സാധാരണ ഉപയോക്താക്കൾക്കു പ്രാപ്യമായ വിലയിലല്ല എത്തുന്നത് എന്നതിൽ സംശയമില്ല. എന്നാൽ, തൊട്ടു മുൻപുള്ള പതിപ്പുകൾ കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള നടപടികളാണ് കമ്പനിയുടെത്. ഇന്ത്യൻ ഫാക്ടറിയിൽ നിർമിക്കുന്ന ഐഫോൺ 6എസ്, ഐഫോൺ എസ്ഇ എന്നീ മോഡലുകൾ വിപണിയിൽ ആൻഡ്രോയ്ഡ് ഫോണുകളെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ ആപ്പിളിനു സാധിക്കും. പുതിയ മോഡലുകൾ അവതരിപ്പിച്ച ശേഷം ആപ്പിൾ ഇന്ത്യയിൽ വിവിധ മോഡലുകൾക്കു വില കുറച്ചപ്പോൾ ഐഫോൺ 6 എസ് 32 ജിബി പതിപ്പിന് വില 29,900 രൂപയാണ്. 13,000 രൂപയുടെ വിലക്കുറവ്. മറ്റു മോഡലുകൾക്കും സമാനമായ വിലക്കുറവുണ്ട്.

iPhone-xs-

പുതിയ ഐഫോൺ മോഡലുകളിൽ ഓരോ വർഷവും ആപ്പിൾ നടത്തുന്ന ഇന്നൊവേഷൻ ഐഫോണിന്റെ ആദ്യ പതിപ്പു മുതൽ സ്മാർട്ഫോൺ വ്യവസായത്തെ തന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടിം കുക്കിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള വിപ്ലവകരമായ തീരുമാനങ്ങൾ സ്മാർട്ഫോൺ സാങ്കേതികവിദ്യയെ മുന്നോട്ടു നയിക്കുന്നതിലും ജനകീയമാക്കുന്നതിനും ചരിത്രപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഓരോ വർഷവും ഐഫോണിൽ അവതരിപ്പിക്കുന്ന പുതുമകൾ പലതും അടുത്ത വർഷത്തെ ആൻഡ്രോയ്ഡ് ഫോണുകളിൽ ഇടംപിടിക്കുന്നത് ഇതിന്റെ തെളിവാണ്.

വയർലെസ് സാങ്കേതികവിദ്യകളിലേക്കുള്ള ചുവടുമാറ്റം പോലും ആപ്പിളിന്റെ ധീരമായ പരീക്ഷണങ്ങളിലൂടെയാണ് ജനകീയമായത്. നൂറു കണക്കിനു മോഡലുകൾ അവതരിപ്പിക്കുന്ന മറ്റു കമ്പനികളിൽ നിന്നു വ്യത്യസ്തമായി ഒരു വർഷം ആകെ വിപണിയിലെത്തിക്കുന്ന മൂന്നോ നാലോ മോഡലുകളിലാണ് ആപ്പിൾ ഈ പരീക്ഷണം നടത്തുന്നത് എന്നോർക്കണം. വയർലെസ് ചാർജിങ്, വയർലെസ് ഇയർപോഡ്, യുഎസ്ബി സി തുടങ്ങിയ സാങ്കേതിക വിദ്യകൾ ആപ്പിൾ നിലവാരത്തിന്റെ ഉദാഹരണങ്ങളാണ്. വിപണിയിൽ ഐഫോണിന്റെ അതേ ബിസിനസ് മോഡൽ പിൻതുടരുന്ന ​ഗൂ​ഗിൾ പിക്സൽ പോലും ഐഫോണിലെ ഇന്നവേഷനുകളെ വിടാതെ പിൻതുടരുന്നുണ്ട്.

iphone-xs-max

ഈ വർഷം ഐഫോൺ അവതരിപ്പിച്ച ഇ-സിം സാങ്കേതികവിദ്യ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ വിപ്ലവം സൃഷ്ടിക്കും. സിം കാർഡിനെ ഇല്ലാതാക്കുന്ന സംവിധാനമാണ് ഇ-സിം. സിം കാർഡ് ഉൾക്കൊള്ളുന്ന ഡേറ്റ ഫോണിൽ നേരിട്ട് സന്നിവേശിപ്പിക്കുകയാണ് ഇ-സിം ചെയ്യുന്നത്. ഫോൺ കൂടുതൽ സുരക്ഷിതമാക്കാൻ ഇ-സിമ്മിനു സാധിക്കും.

ഫോൺ മോഷ്ടിക്കുന്നവന് സിം ഊരിയെറിഞ്ഞ ശേഷം സ്വിച്ച് ഓഫ് ചെയ്ത് മറിച്ചു വിൽക്കാൻ സാധിക്കില്ല എന്നു ചുരുക്കം. നമ്പർ പോർടബിലിറ്റിയിലെ നൂലാമാലകൾ ഇല്ലാതാക്കാനും ഇ-സിമ്മിനു സാധിക്കും. ഇന്ത്യയിൽ ജിയോ, എയർടെൽ എന്നീ കമ്പനികളുമായി സഹകരിച്ച് ഇ-സിം സംവിധാനം ലഭ്യമാക്കാനാണ് ആപ്പിളിന്റെ ശ്രമം. ഇ-സിമ്മിനു പുറമേ സാധാരണ നാനോ സിം കാർഡ് സ്ലോട്ടും പുതിയ ഐഫോൺ പതിപ്പുകളിലുണ്ട്. ഇ-സിം സംവിധാനം ലഭ്യമാകുന്നതോടെ പുതിയ ഐഫോൺ പതിപ്പുകൾ ഡ്യുവൽ സിം ഫോൺ ആയി വിപണിയിൽ ചലനം സൃഷ്ടിക്കും.