Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫ് ഇൻഷുറൻസ് ക്ലെയിം തുക കാത്തുരക്ഷിക്കാൻ

x-default x-default

അത്യാഹിതം വരുമ്പോൾ അത്താണിയാകേണ്ടുന്ന ലൈഫ് ഇൻഷുറൻസ് ക്ലെയിം തുക ബാങ്കുകാർ ബാധ്യതകളുടെ പേരുപറഞ്ഞ് കണ്ടുകെട്ടി പിടിച്ചെടുക്കുന്നതു മനുഷ്യത്വരഹിതമായ ഏർപ്പാടാണ്. കുടുംബനാഥൻ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ എംഡബ്ല്യുപി നിയമം എന്നറിയപ്പെടുന്ന മാരീഡ് വിമൻ'സ് പ്രോപ്പർട്ടി ആക്ട് പ്രകാരമാണ് പോളിസികൾ എടുക്കുന്നതെങ്കിൽ, പരിരക്ഷയായി ലഭിക്കുന്ന തുക ബാങ്കുകൾക്കു മറ്റു ബാധ്യതകളുടെ പേരിൽ തട്ടിക്കിഴിച്ചെടുക്കാനാകില്ല.  

നിയമത്തിന്റെ ബലം

കല്യാണം കഴിച്ചിട്ടുള്ള പുരുഷൻ തന്റെ ഭാര്യയുടെയും കുട്ടികളുടെയും സാമ്പത്തിക സുരക്ഷ ഉദ്ദേശിച്ചുവാങ്ങിയിട്ടുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളെയാണ് എംഡബ്ല്യുപി നിയമ പ്രകാരം കാത്തുരക്ഷിക്കാവുന്നതാണ്. പോളിസി പ്രൊപ്പോസർ കല്യാണം കഴിച്ചിട്ടുള്ള പുരുഷനായിരിക്കണം എന്നായതിനാൽ ഭാര്യ മരിച്ചുപോയിട്ടുള്ളവർക്കും വിവാഹമോചനം നേടിയവർക്കും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കും. പോളിസിയുടെ ഗുണഭോക്താക്കൾ ഭാര്യ മാത്രമോ കുട്ടികൾ മാത്രമോ ഭാര്യയും കുട്ടികളും കൂടി ചേർന്നോ ഒറ്റയ്‌ക്കൊറ്റയ്‌ക്കോ നിശ്ചയിക്കാം. പൊതുവിൽ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടോ അവരുടെ പേരുകൾ കൂടി രേഖപ്പെടുത്തിക്കൊണ്ടോ പോളിസികൾ എടുക്കാം. ഒന്നിലധികം ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ ആനുകൂല്യമായി ലഭിക്കുന്ന തുക അവർക്കു തുല്യമായോ പോളിസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുപാതത്തിലോ ലഭ്യമാക്കാം.

പ്രത്യേകം ഒരു ട്രസ്റ്റ് രൂപീകരിക്കാതെ തന്നെ ആനുകൂല്യങ്ങൾ വാങ്ങി അവ ചോർന്നു പോകാതെ ഗുണഭോക്താക്കൾക്ക് ഉറപ്പാക്കാൻ സാധിക്കുന്നു. ആനുകൂല്യം ലഭിക്കേണ്ടുന്ന ഭാര്യയെയോ മക്കളെയോ അല്ലെങ്കിൽ പുറത്തുനിന്ന് ആരെയെങ്കിലുമോ ഇതിനായി നിയമപ്രകാരം തന്നെ നിയോഗിക്കാവുന്നതാണ്. ഒരു ട്രസ്റ്റിന്റെ പണം ദുരുപയോഗപ്പെടുത്താൻ സാധ്യമല്ലാത്തതുപോലെ മാരീഡ് വിമൻ'സ് പ്രോപ്പർട്ടി ആക്ട് പ്രകാരം വാങ്ങിയിട്ടുള്ള പോളിസികളിൽ ലഭിക്കുന്ന തുകകൾ മറ്റ് ആവശ്യങ്ങൾക്കായി മാറ്റി ചെലവഴിക്കാനാകില്ല. ബാങ്കുകൾ ഉൾപ്പെടെ ഇൻഷുറൻസ് ഉടമയ്ക്കു കടം കൊടുത്തിട്ടുള്ള ആർക്കും ഇത്തരം പോളിസികളിൽ ലഭിക്കുന്ന ആനുകൂല്യത്തുകയിൽ കോടതിയുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ തൊടാൻ സാധിക്കില്ല. 

പോളിസി എടുക്കുമ്പോൾ

ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ എംഡബ്ല്യുപി ആക്ട് പ്രകാരമാക്കുന്നതിനു നടപടികൾ വളരെ ലളിതമാണ്. ഇൻഷുറൻസ് അപേക്ഷയോടൊപ്പം ഒരു അധിക ഫോം കൂടി പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. ഗുണഭോക്താക്കളുടെ പേര്, ബന്ധം, പണം വാങ്ങി നൽകേണ്ടുന്ന വ്യക്തികളുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ, ആനുകൂല്യം വീതംവച്ചുനൽകണമെങ്കിൽ അതിന്റെ അനുപാതം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തണം. 

ഒന്നിലധികം ഗുണഭോക്താക്കളെ നിർദേശിക്കാമെങ്കിലും അവരെല്ലാം സ്വന്തം ഭാര്യയോ കുട്ടികളോ ആയിരിക്കണമെന്നു മാത്രം. പോളിസി ഉടമയുടെ അച്ഛനമ്മമാരെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. ഏജന്റുമാർ വഴി മാത്രമല്ല ഓൺലൈനായി പോളിസികൾ എടുക്കുമ്പോഴും എംഡബ്ല്യുപി നിയമപ്രകാരമാക്കാം. 

പരിമിതികൾ

എംഡബ്ല്യുപി നിയമപ്രകാരം എടുത്തിട്ടുള്ള ലൈഫ് ഇൻഷുറൻസ് പോളിസികൾ ജാമ്യം നൽകി പോളിസി ഉടമയ്ക്ക് വായ്പ എടുക്കാനാവില്ല. കാരണം, ഇത്തരം പോളിസികൾ ഗുണഭോക്താക്കളല്ലാത്തവരുടെ പേരിൽ അസൈൻ ചെയ്തു നൽകാൻ നിയമം അനുവദിക്കുന്നില്ല. കാലാവധി എത്തുംമുമ്പ് പോളിസികൾ സറണ്ടർ ചെയ്ത് പണം വാങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ട്. പോളിസി ആനുകൂല്യം വാങ്ങാൻ അധികാരപ്പെടുത്തിയിട്ടുള്ളവർ കൂടി ഇതിനായുള്ള അപേക്ഷയിൽ ഒപ്പിടേണ്ടതും സറണ്ടർ തുക ഗുണഭോക്താക്കളുടെ മാത്രം പ്രയോജനത്തിനായി ഉപയോഗപ്പെടുത്തേണ്ടതുമാണ്. 

മറ്റു നിബന്ധനകൾ

ഒരിക്കൽ എംഡബ്ല്യുപി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളെ പോളിസി ഉടമയ്ക്ക് മാറ്റി നിശ്ചയിക്കാനാകില്ല. പോളിസി എടുത്തശേഷം വിവാഹബന്ധം വേർപെടുത്തിയാലും പോളിസി ആനുകൂല്യങ്ങൾ പോളിസിയിൽ പേരു ചേർത്തിട്ടുള്ള ആദ്യ ഭാര്യയ്ക്കും കുട്ടികൾക്കും തന്നെ ലഭിക്കുന്നു. 

പോളിസി ഉടമയ്ക്ക് മുൻപു ഭാര്യ മരണമടയുന്ന സന്ദർഭങ്ങളിൽ അവരുടെ അനന്തരാവകാശികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. എംഡബ്ല്യുപി ആക്ട് പ്രകാരം എത്ര ലൈഫ് ഇൻഷുറൻസ് പോളിസികൾ വേണമെങ്കിലും എടുക്കാവുന്നതാണ്.