Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ചാരികൾക്കു തുറമുഖത്ത് ഹെലിപ്പാഡ് ഒരുക്കാൻ പോർട് ട്രസ്റ്റ്

cochin-port-trust-office

കൊച്ചി ∙ ആഡംബര കപ്പലുകളിൽ (ക്രൂസ് ഷിപ്പ്) എത്തുന്ന സഞ്ചാരികൾക്കു വ്യോമ മാർഗം കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി കൊച്ചി തുറമുഖത്തു ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യത പോർട് ട്രസ്റ്റ് പരിഗണിക്കുന്നു. ക്രൂസ് ഷിപ്പുകൾ രാവിലെ വന്നു രാത്രി മടങ്ങുന്നതിനാൽ ടൂറിസ്റ്റുകൾക്കു കൊച്ചിയിൽ നിന്നു ദൂരെയുള്ള കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയാറില്ല. 

ഈ സാഹചര്യത്തിലാണു ക്രൂസ് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കാനുള്ള സാധ്യത പോർട് ട്രസ്റ്റ് പരിശോധിക്കുന്നത്.  വിശദമായ പഠനവും ചർച്ചകളും ആവശ്യമാണ്. ക്രൂസ് ഷിപ്പുകളുടെ സമയക്രമവും മറ്റും അനുസരിച്ചു മാത്രമേ ഇതെല്ലാം ആസൂത്രണം ചെയ്യാൻ കഴിയൂ.  പോർട് ട്രസ്റ്റ് ചെയർമാൻ ഇൻ ചാർജ് എ.വി. രമണ ‘മനോരമ’യോടു പറഞ്ഞു. 

ഹെലിപ്പാഡ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണു പോർട് ട്രസ്റ്റിന്റെ ചുമതല. മറ്റു കാര്യങ്ങൾ ടൂറിസം വ്യവസായവും സർക്കാരുമൊക്കെയാണു ചെയ്യേണ്ടത്. എയർ ടാക്സിയോ ഹെലികോപ്റ്റർ സർവീസോ ആരംഭിച്ചാൽ മൂന്നാറും വയനാടും ഉൾപ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം അന്നു തന്നെ ക്രൂസ് ഷിപ്പുകളിൽ മടങ്ങാൻ സഞ്ചാരികൾക്കു കഴിയും.