കൊച്ചി ∙ വൻ പ്രതീക്ഷയോടെ കൊച്ചി പോർട് ട്രസ്റ്റ് വിഭാവനം ചെയ്ത രണ്ടു പദ്ധതികൾ മരവിപ്പിക്കുന്നു. 40,000 കോടിയിലേറെ രൂപയുടെ നിക്ഷേപ സാധ്യത പ്രതീക്ഷിച്ച പുറങ്കടൽ തുറമുഖം (ഔട്ടർ ഹാർബർ), സ്വതന്ത്ര വ്യാപാര-സംഭരണ മേഖല (ഫ്രീ ട്രേഡ് ആൻഡ് വെയർഹൗസിങ് സോൺ) പദ്ധതികളാണു മരവിപ്പിച്ചത്.
ഇരു പദ്ധതികളോടും നിക്ഷേപകർ മുഖം തിരിച്ചതാണു തിരിച്ചടിയായത്. അതിനു പ്രധാന കാരണം വിജയ സാധ്യതയെക്കുറിച്ചുള്ള സംശയം തന്നെ. അതേസമയം, പദ്ധതികൾ മരവിപ്പിച്ചതു തൽക്കാലത്തേക്കാണെന്നും അനുകൂല സാഹചര്യമുണ്ടാകുമ്പോൾ പുനഃപരിശോധിക്കുമെന്നും പോർട് ട്രസ്റ്റ് പറയുന്നു.
∙ ഔട്ടർ ഹാർബർ
ഔട്ടർ ഹാർബർ നിർമാണത്തിനു വേണ്ടതു 3050 കോടി രൂപ. രണ്ടു പുലിമുട്ടുകൾ നിർമിക്കുകയാണ് ആദ്യഘട്ടം. തെക്കു ഭാഗത്തെ പുലിമുട്ടിനായി 1050 കോടി രൂപ ചെലവിടാൻ നാവിക സേന തുടക്കത്തിൽ താൽപര്യപ്പെട്ടുവെങ്കിലും പിന്നീടു പിൻവാങ്ങി. സേനാ താവളം നിർമിക്കാനായിരുന്നു ആലോചനയെങ്കിലും ഇപ്പോൾ വിഴിഞ്ഞം തുറമുഖമാണു പരിഗണിക്കുന്നതെന്നാണു സൂചന. രണ്ടാമത്തെ പുലിമുട്ടു നിർമിക്കാനും പണമില്ല.
നിർദിഷ്ട ഔട്ടർ ഹാർബറിൽ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഒന്നിലേറെത്തവണ താൽപര്യ പത്രം ക്ഷണിച്ചുവെങ്കിലും നിക്ഷേപകർ താൽപര്യം കാട്ടിയില്ല. പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ ഓയിൽ ട്രേഡ് ഹബ്, പെട്രോ കെമിക്കൽ കോംപ്ലക്സ് തുടങ്ങി പല വൻപദ്ധതികൾക്കും സാധ്യതയുമുണ്ടായിരുന്നു; ആയിരക്കണക്കിനു തൊഴിലവസരങ്ങൾക്കും.
∙ ഫ്രീ ട്രേഡ് സോൺ
രണ്ടുവട്ടം ടെൻഡർ ക്ഷണിച്ചു, പലവട്ടം സമയം നീട്ടിക്കൊടുത്തു. പക്ഷേ, 500 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഫ്രീ ട്രേഡ് ആൻഡ് വെയർഹൗസിങ് സോണിനോടു നിക്ഷേപകർ താൽപര്യം കാട്ടിയില്ല. അതോടെ, 2011 മുതൽ പോർട് ട്രസ്റ്റിന്റെ പരിഗണനയിലുണ്ടായിരുന്ന സോൺ പദ്ധതിയും മരവിച്ചു.
ചുരുങ്ങിയ വാടക ഈടാക്കി വെയർഹൗസിൽ ചരക്കു സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും സൗകര്യമൊരുക്കുന്നതിനാണു സോൺ. അതേസമയം, സോണിനായി നീക്കിവച്ച സ്ഥലത്തു മെഡിക്കൽ, ഹോസ്പിറ്റാലിറ്റി പദ്ധതികളുടെ സാധ്യതയും പോർട് ട്രസ്റ്റ് പരിശോധിക്കുന്നുണ്ട്.
‘‘കൊച്ചി ഷിപ്‌യാർഡിന്റെ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി സജ്ജമാകുന്നതോടെ ഒട്ടേറെ അനുബന്ധ വ്യവസായങ്ങൾ വരാനുള്ള സാധ്യതയുണ്ട്. അപ്പോൾ ഫ്രീ ട്രേഡ് സോണിനും വഴി തെളിഞ്ഞേക്കാം.’’
– എ.വി. രമണ
പോർട് ട്രസ്റ്റ് ചെയർമാൻ ഇൻ ചാർജ്