ഇൻഷുറൻസ്എടുക്കാൻ ശരിയായ സമയം

x-default

ഞാൻ എന്നതിൽനിന്ന് നമ്മൾ എന്നതിലേക്കു കടക്കുന്നത് ജീവിതത്തിലെ ഒരു നിർണായക ഘട്ടമാണ്. ജീവിതത്തിൽ ചുമതലകൾ ഏറ്റെടുത്തു തുടങ്ങുന്ന ഇരുപതുകളുടെ മധ്യവും മുപ്പതുകളുടെ തുടക്കവുമാണ് ഈയൊരു ഘട്ടം. ജോലി കിട്ടുകയും ചെലവുകൾ നടത്തി തുടങ്ങുകയുമെല്ലാം ചെയ്യുന്നത് ഇതിന്റെ ഭാഗമായി വരും. ഈ ചുമതലകൾ വരുന്നതോടൊപ്പം സ്വന്തം ജീവിതത്തിനു പരിരക്ഷ നേടേണ്ട ഒരാവശ്യം കൂടി കടന്നു വരാറുണ്ട്. തന്റെ ജീവിതം തനിക്കു മാത്രമല്ല, പ്രിയപ്പെട്ടവരെ സംബന്ധിച്ചു കൂടി വിലപ്പെട്ടതാണ് എന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിലുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും യുവത്വത്തിന്റെ തുടക്കത്തിലുള്ള ഊർജ്ജസ്വലതയോടെ മുന്നേറാനുള്ള ആത്മവിശ്വാസവും ഈ പരിരക്ഷയുടെ പിൻബലത്തിൽ ലഭ്യമാകും. 

തികച്ചും പരിരക്ഷ മാത്രം നൽകുന്ന ഒരു പദ്ധതി തിരഞ്ഞെടുക്കുക എന്നതാണ് ഇവിടെ ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗം. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഘട്ടത്തിലേക്കു മാറുമ്പോൾ നിങ്ങളെയും നിങ്ങളുടെ വരുമാനത്തെയും ആശ്രയിക്കാൻ ആരംഭിക്കുന്ന കുട്ടി, ജീവിത പങ്കാളി, മാതാപിതാക്കൾ തുടങ്ങിയവർ ഉള്ളതു തന്നെയാണ് നിങ്ങളെ സംബന്ധിച്ച് ലൈഫ് ഇൻഷുറൻസ് ഒരു ആവശ്യകതയാക്കി മാറ്റുന്നത്. നിങ്ങളുടെ കുടുംബത്തിന്റെ ഭാവിയിലെ ക്ഷേമത്തിൽ നിങ്ങൾക്കുള്ള പ്രതിബദ്ധതയുടെ ഒരു പ്രതീകം കൂടിയാണ് ലൈഫ് ഇൻഷുറൻസ്. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്നതിലേക്കുള്ള മാറ്റം തികച്ചും സന്തോഷകരമാക്കാനും ഈ പരിരക്ഷ പിന്തുണ നൽകുമെന്നോർക്കുക. 

പരിരക്ഷ മാത്രം നൽകുന്ന പരിപൂർണ പദ്ധതിയോ പരമ്പരാഗത ഇൻഷുറൻസ് പദ്ധതിയോ എടുക്കുന്നവരുടെ ആകസ്മിക വിയോഗം സംഭവിക്കുകയാണെങ്കിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാനുള്ള പിന്തുണയാവും ഇൻഷുറൻസ് കമ്പനിയിൽ നിന്നു ലഭിക്കുക. ഇത്തരത്തിലുള്ള ടേം പദ്ധതികൾ വഴി കുറഞ്ഞ ചെലവിൽ വലിയ പരിരക്ഷ നൽകുന്നതിനാൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നിർബന്ധമായും വേണ്ട ഒന്നാണിവ. വാർഷിക വരുമാനത്തിന്റെ പത്തിരട്ടിയോളം വരുന്ന പരിരക്ഷ നേടുക എന്നതാണ് ഇവിടെ പിന്തുടരാവുന്ന രീതി. അതുവഴി കുടുംബത്തിന് ആവശ്യമായ സാമ്പത്തിക പിൻബലം നൽകാനാവും. 

പരമ്പരാഗത ടേം പദ്ധതികൾ വഴിയുള്ള പരിരക്ഷ നേടിക്കഴിഞ്ഞാൽ പിന്നീട് മാരക രോഗങ്ങൾ മൂലമുണ്ടായേക്കാവുന്ന വൻ ആരോഗ്യ സേവന ചെലവുകൾ നേരിടാനുള്ള മാർഗത്തെക്കുറിച്ചാണു ചിന്തിക്കേണ്ടത്. ആരോഗ്യ സേവന ചെലവുകൾ മൂലം ഓരോ വർഷവും 55 ദശലക്ഷം പേരാണ് ഇന്ത്യയിൽ ദാരിദ്ര്യത്തിലേക്കു കടക്കുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അർബുദം, പ്രമേഹം, ഹൃദ്‌രോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധികളല്ലാത്ത രോഗങ്ങൾ മൂലമാണ് ഇന്ത്യയിൽ ഇന്ന് 61 ശതമാനം മരണങ്ങളും സംഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒരു വ്യക്തിയുടെ ജോലിചെയ്തു ജീവിക്കാനുള്ള ശേഷി കൂടിയാണ് ഈ രോഗങ്ങളിലൂടെ ഇല്ലാതാകുന്നത്. അതുകൊണ്ടു തന്നെ ഈ രോഗങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്കൊപ്പം സാമ്പത്തിക, വൈകാരിക പ്രശ്‌നങ്ങൾ കൂടി ഉടലെടുക്കുന്നു. ആധുനിക ജീവിത ശൈലിയുടെ ഫലമായുള്ള ഈ രോഗങ്ങൾ നേരിടാനുള്ള ചെലവുകൾക്കെതിരെ കരുതുന്ന ക്രിട്ടിക്കൽ ഇൽനെസ് പോളിസികൾ എടുക്കുക എന്നതാണിവിടെ അനുയോജ്യമായ തീരുമാനം. 

പരമ്പരാഗത ടേം പദ്ധതികളേയും ക്രിട്ടിക്കൽ ഇൽനെസ് പദ്ധതികളേയും സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് പദ്ധതികൾ ഇന്നു നിലവിലുള്ളത് ഇത്തരം സാഹചര്യങ്ങളിൽ ഏറെ സഹായകരമാണ്. പ്രായം കൂടുന്നതനുസരിച്ച് മാരക രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതിനാൽ ക്രിട്ടിക്കൽ ഇൽനെസ് പോളിസികളുടെ ആവശ്യകതയും വർധിക്കുന്നു. അതേ സമയം സമ്പാദ്യത്തിലുളള വർധനവിന്റെ പശ്ചാത്തലത്തിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകതയിൽ കുറവും വരാം. ഇതെല്ലാം കണക്കിലെടുത്തുള്ള സന്തുലിതമായ സമഗ്ര പരിരക്ഷയാവണം തേടേണ്ടത്. അതായത് തുടക്കത്തിലെ ആകെ പരിരക്ഷയുടെ 80 ശതമാനം ജീവിതത്തിനുള്ള പരിരക്ഷയും 20 ശതമാനം മാരക രോഗങ്ങൾക്കെതിരെയുള്ള പരിരക്ഷയും ആയിരിക്കണം. ഓരോ വർഷവും ഇതു പരിഷ്‌ക്കരിച്ച് മാരക രോഗങ്ങൾക്കെതിരായ പരിരക്ഷ വർധിപ്പിക്കണം. അതനുസരിച്ച് ജീവിത പരിരക്ഷയിൽ കുറവും വരുത്തണം. 

സമഗ്ര പരിരക്ഷ നൽകുന്ന പദ്ധതികൾക്കൊപ്പം മാരക രോഗങ്ങൾ കണ്ടെത്തിയാൽ തുടർന്നുള്ള പ്രീമിയം അടയ്ക്കലുകൾ ഇളവു ചെയ്തു കൊടുക്കുന്ന വ്യവസ്ഥകളുമുണ്ടാകും. അതായത് ജീവിതത്തിലെ ബുദ്ധിമുട്ടേറിയ കാലത്ത് പ്രീമിയം അടയ്ക്കുന്നതിനെക്കുറിച്ചുള്ള വേവലാതികൾ ആവശ്യമായി വരില്ല. അതുകൊണ്ടു തന്നെ മാരക രോഗങ്ങൾ കണ്ടെത്തിയാൽ അവയ്ക്കനുസരിച്ചുള്ള തുക നൽകുക മാത്രമല്ല, തുടർന്നുള്ള പ്രീമിയം അടയ്ക്കാതെ തന്നെ ജീവിതത്തിനുള്ള പരിരക്ഷ തുടരുകയും ചെയ്യും. 

ഇത്തരം പോളിസികൾ എങ്ങനെ എടുക്കാം എന്നു ചോദിച്ചാൽ ഇപ്പോൾ അവയെല്ലാം വളരെ ലളിതം എന്നാണ് ഉത്തരം. വീട്ടിലിരുന്നു തന്നെ ഓൺലൈനായി പോളിസി വാങ്ങാനാവും. പ്രൊപ്പോസൽ ഫോമും ആരോഗ്യം സംബന്ധിച്ച പ്രസ്താവനയും പൂരിപ്പിച്ചു നൽകിയാൽ മതിയാവും. ഇത്തരമൊരു ഘട്ടത്തിൽ കൃത്യമായ വിവരങ്ങളെല്ലാം വെളിപ്പെടുത്തുക എന്നതും ഏറെ പ്രധാനമാണ്. ആവശ്യമായ വേളയിൽ കുടുംബത്തിനു ബുദ്ധിമുട്ടില്ലാതെ പണം ലഭിക്കുവാനും തെറ്റായ വിവരങ്ങളുടെ പേരിൽ ക്ലെയിം നിരസിക്കപ്പെടുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും. വിശ്വാസ്യത നേടിയ ഇൻഷുറൻസ് കമ്പനിയിൽ നിന്നു പോളിസി വാങ്ങുക എന്നതും പ്രധാനപ്പെട്ടതാണ്. 

 ∙ വിവരങ്ങൾ: എസ്ബിഐ ലൈഫ് ഇൻഷുറൻസ്