കൊച്ചി ∙ ലാഭകരമായി പ്രവർത്തിക്കുന്ന ഒരു വ്യവസായ യൂണിറ്റും സ്വകാര്യവൽക്കരിക്കില്ലെന്നു കേന്ദ്ര ഷിപ്പിങ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കൊച്ചി ഷിപ്‌യാർഡ് സ്വകാര്യവൽക്കരിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. പക്ഷേ, വികസന പദ്ധതികൾ നടപ്പാക്കാൻ മൂലധനം ആവശ്യമാണ്. ഷിപ്‌യാർഡ് ഓഹരി വിൽപനയിലൂടെ നേടിയ തുക ഉപയോഗിച്ചാണു വൻകിട പദ്ധതികൾ നടപ്പാക്കുന്നത്.
കൊച്ചി കപ്പൽശാലയിൽ പുതിയ ഡ്രൈ ഡോക്കിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കപ്പൽ നിർമാണ വ്യവസായത്തിൽ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണു മുന്നിൽ നിൽക്കുന്നത്. ഇന്ത്യയ്ക്കു 0.4 ശതമാനം വിഹിതമേയുള്ളൂ. വിമാന വാഹിനികൾ ഉൾപ്പെടെയുള്ള വൻകിട യാനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് കൊച്ചിയിൽ സജ്ജമാകുന്നതോടെ വിഹിതം 2 ശതമാനത്തിലേക്ക് ഉയർത്താൻ കഴിയും. സീ പ്ലെയ്ൻ ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ നിർമിക്കണം. ഇന്ത്യയ്ക്കു വലിയ തോതിലുള്ള വളർച്ചാ സാധ്യതയുണ്ടെങ്കിലും ഉയർന്ന ചരക്കു ഗതാഗതച്ചെലവു തിരിച്ചടിയാണ്. ലീറ്ററിന് 22 രൂപ മാത്രം വിലയുള്ള മെഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ യാഥാർഥ്യമായാൽ ഇന്ധനച്ചെലവിലും കടത്തുകൂലിയിലും ലാഭം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പൽശാലയുടെ നിർമാണത്തിനായി സെമിത്തേരി പോലും മാറ്റി സ്ഥാപിച്ച ചരിത്രമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കപ്പൽശാലയുടേതു പോലൊരു ഭൂതകാലം എല്ലാവരും ഓർക്കേണ്ടതാണ്. ഉൾനാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ഷിപ്പിങ് മേഖലയിൽ കേരളത്തിനു വലിയ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡ്രൈ ഡോക് സജ്ജമാകുന്നതോടെ 2000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നു കൊച്ചി കപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു. കപ്പൽശാലയ്ക്കു നാവിക സേനയുടേത് ഉൾപ്പെടെ സർക്കാർ കരാറുകൾ നൽകണമെന്നു കെ.വി. തോമസ് എംപിയും ഹൈബി ഈഡൻ എംഎൽഎയും ആവശ്യപ്പെട്ടു. കൊച്ചി മേയർ സൗമിനി ജെയിൻ പ്രസംഗിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടത്തിനായി കൊച്ചി കപ്പൽശാല നിർമിച്ച 2 യാത്രക്കപ്പലുകളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഭാര്യ കാഞ്ചൻ ഗഡ്കരി നിർവഹിച്ചു.
വമ്പൻ ഡ്രൈ ഡോക്
രാജ്യത്തെ വലിയ ഡ്രൈ ഡോക്കുകളിലൊന്നാണു കൊച്ചിയിൽ നിർമിക്കുന്നത്. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡോക്കിൽ ഒരേസമയം വമ്പൻ കപ്പലുകളും ചെറു യാനങ്ങളും നിർമിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനുമാകും.
തെക്കു കിഴക്കൻ ഏഷ്യയിലെ മാരിടൈം ഹബ്ബായി ഇതു കൊച്ചിയെ മാറ്റുമെന്നാണു പ്രതീക്ഷ. 2021 മേയിൽ നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം. ആവശ്യമെങ്കിൽ വെള്ളം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നതാണു ഡ്രൈ ഡോക്കുകളുടെ പ്രത്യേകത. ക്രെയിനുകളുടെ സഹായത്തോടെ യാനങ്ങൾ ഉയർത്താനും താഴ്ത്താനും കഴിയും.