ആദായനികുതി: എവിടെത്തുടങ്ങണം

ചോദ്യം: എനിക്ക് ഇൻകം ടാക്സ് അടയ്ക്കണമെന്നുണ്ട്. 50,000 രൂപയോളം വരുമാനമുണ്ട്. ഇതിനുവേണ്ടി ഞാൻ എന്തു ചെയ്യണം? ആദ്യം എവിടെപ്പോകണം? പൈസയുടെ സോഴ്സ് കാണിക്കാൻ ബുദ്ധിമുട്ടുണ്ട്.

ഉത്തരം:  50,000 രൂപ പ്രതിമാസ വരുമാനമുണ്ടെന്ന് അനുമാനിച്ചാൽ വാർഷിക വരുമാനം 6 ലക്ഷം രൂപ വരും. രണ്ടര ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതിയില്ല. (60 വയസ്സ് തികഞ്ഞയാളാണെങ്കിൽ 3 ലക്ഷം വരെയും, 80 തികഞ്ഞയാളാണെങ്കിൽ 5 ലക്ഷം രൂപ വരെയും ആദായ നികുതി ഒഴിവുണ്ട്). നികുതി ഒഴിവിനു മുകളിലുള്ള വരുമാനത്തിന് 5 ലക്ഷം രൂപ വരെ 5% നിരക്കിലും അതിൽ കൂടുതലുള്ള തുകയ്ക്ക് 20 ശതമാനം നികുതിയും നൽകണം. (താങ്കളുടെ കാര്യത്തിൽ 6 ലക്ഷമാണു വരുമാനമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് 10 ശതമാനം നികുതിക്കു മേൽ സെസ്സും ഉണ്ട്. 2017–18 സാമ്പത്തിക വർഷത്തിൽ 3 ശതമാനമാണ് സെസ്സ്. 2018–19 മുതൽ 4 ശതമാനമാണ് സെസ്സ്.

റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആദ്യം ചെയ്യേണ്ടത് പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) എടുക്കുക എന്നതാണ്. പിന്നീട് ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിലൂടെ റിട്ടേൺ ഫയൽ ചെയ്യാം. ഇതിനായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെയോ മറ്റ് ടാക്സ് സേവനദാതാക്കളുടെയോ സേവനവും ലഭ്യമാണ്. സ്രോതസ് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട് എന്നു കത്തിൽ സൂചനയുണ്ട്. ഇത്തരം കേസുകളിൽ പിഴ ചുമത്തുന്നതിനു വകുപ്പുണ്ടെങ്കിലും സ്വമേധയാ വരുമാനം റിട്ടേണിൽ ഉൾപ്പെടുത്തുന്ന കേസുകളിൽ പിഴയുടെ കാഠിന്യം കുറയും.