പൂനം ബ്രോധ, ഇൻഷുറൻസ് ഓംബുഡ്സ്മാൻ

പൂനം ബ്രോധ

കൊച്ചി ∙ 2 വർഷങ്ങൾക്കു ശേഷം ഇൻഷുറൻസ് ഓംബുഡ്സ്മാൻ നാളെ ചുമതലയേൽക്കും. ജാർഖണ്ഡ് സ്വദേശി പൂനം ബ്രോധയാണു കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള പുതിയ ഓംബുഡ്സ്മാൻ.  2016 സെപ്റ്റംബറിൽ അന്നത്തെ ഓംബുഡ്സ്മാനായിരുന്ന പി.കെ. വിജയകുമാർ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞതിനു ശേഷം ഈ തസ്തികയിലേക്കു നിയമനം നടന്നിരുന്നില്ല. രാജ്യത്തെ 17 ഓംബുഡ്സ്മാൻ തസ്തികയിൽ 16 എണ്ണവും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.

എന്നാൽ ചുരുക്കപ്പട്ടിക പ്രകാരം കേരളത്തിലേക്കു നിശ്ചയിച്ചിരുന്ന വ്യക്തിക്കെതിരെ വന്ന വിജിലൻസിന്റെ പ്രതികൂല പരാമർശം നിയമനം വീണ്ടും നീളാൻ ഇടയാക്കി. ഇതിനിടെ ഡൽഹി ഓംബുഡ്സ്മാനു രാജ്യത്തെ മുഴുവൻ പരാതികളും പരിഹരിക്കാമെന്ന് ഡൽഹി ഹൈക്കോടതി വിധി വന്നിരുന്നു.  എന്നാൽ, കേരളത്തിൽ നിന്നുള്ള ഏതാനും പരാതികൾ മാത്രമാണ് ഇക്കാലയളവിൽ തീർപ്പാക്കപ്പെട്ടത്. നിലവിൽ എഴുന്നൂറിലേറെ പരാതികളാണ് കെട്ടിക്കിടക്കുന്നത്.