ന്യൂഡൽഹി ∙ നോട്ട് നിരോധിച്ചാൽ കള്ളപ്പണവും കള്ളനോട്ടും തടയാമെന്ന വിലയിരുത്തൽ തെറ്റെന്നു റിസർവ് ബാങ്ക് (ആർബിഐ) വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് സർക്കാർ അതേ കാരണം പറഞ്ഞ് നിരോധനം പ്രഖ്യാപിച്ചതെന്ന് ആർബിഐ രേഖ. നോട്ട് നിരോധനം ശ്ലാഘനീയമെങ്കിലും മൊത്തം ആഭ്യന്തര ഉൽപാദനത്തെ ഹ്രസ്വകാലത്തേക്കു ബാധിക്കുമെന്ന് ആർബിഐ ബോർഡ് മുന്നറിയിപ്പു നൽകിയിരുന്നു.
2016 നവബംർ 8ന് രാത്രി 8നാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അന്ന് വൈകിട്ട് 5.30ന് ഡൽഹിയിൽ ചേർന്ന ആർബിഐ കേന്ദ്ര ബോർഡ് യോഗമാണ് നടപടിയുടെ വരുംവരായ്കകൾ വിലയിരുത്തി, സർക്കാർ തീരുമാനത്തിന് അംഗീകാരം നൽകിയത്. ഈ യോഗത്തിന്റെ മിനിറ്റ്സിലെ പരാമർശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മിനിറ്റ്സിൽ 2016 ഡിസംബർ 15ന് ആർബിഐ ഗവർണർ ഉർജിത് പട്ടേൽ ഒപ്പുവച്ചു. സർക്കാരും ബാങ്കുമായി 6 മാസം ചർച്ച നടത്തിയശേഷമാണ് നിരോധനം പ്രഖ്യാപിച്ചതെന്നും മിനിറ്റ്സ് വ്യക്തമാക്കുന്നു.
ബോർഡിന്റെ നിലപാടുകളായി മിനിറ്റ്സിൽ പറയുന്നത്:
∙ കള്ളപ്പണമേറെയും പണമായല്ല, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ സ്വർണമായാണ് സൂക്ഷിക്കപ്പെടുന്നത്. നോട്ട് നിരോധനം ഈ ആസ്തികളെ ബാധിക്കില്ല.
∙ എന്നാൽ, 1000 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകളുടെ മൂല്യം 400 കോടി രൂപയെന്നാണ് സർക്കാർ പറയുന്നത്. കള്ളനോട്ടടി ആശങ്കയുണ്ടാക്കുന്നതുതന്നെ. എന്നാൽ, വിപണിയിലുള്ള മൊത്തം കറൻസിയുടെ തോതുമായി തട്ടിച്ചുനോക്കുമ്പോൾ, 400 കോടിയെന്നത് തുച്ഛമാണ്.
∙ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെയും വിപണിയിലുള്ള കറൻസിയുടെ തോതിനെയും ബന്ധപ്പെടുത്തിയുള്ള സർക്കാർ വിലയിരുത്തലും പിഴവാണ്. കാരണം, പണപ്പെരുപ്പത്തിന്റെ തോത് പരിഗണിച്ചിട്ടില്ല. കറൻസിയുടെ തോതിൽ നാമമാത്ര വളർച്ചയാണുള്ളത്. നോട്ട് നിരോധനം പെട്ടെന്നു നടപ്പാക്കുന്നത് ആരോഗ്യ, ടൂറിസം മേഖലകളെ ബാധിക്കുമെന്നും ആർബിഐ വിലയിരുത്തിയിരുന്നു. സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ നിരോധിത നോട്ട് ഉപയോഗിക്കാൻ പാടില്ലാത്തവയുടെ പട്ടികയിൽ പെടുത്തരുതെന്നും ആർബിഐ ആവശ്യപ്പെട്ടിരുന്നു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ കൈവശംവച്ച് ദീർഘയാത്ര നടത്തുന്ന ടൂറിസ്റ്റുകൾ പ്രതിസന്ധിയിലാകുമെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടിയത്.