തിരുവനന്തപുരം∙ ജനപങ്കാളിത്തത്തോടെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഈ വർഷം 77 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങൾ, ടൂറിസം സംരംഭകർ, വിദ്യാർഥികൾ, നാഷനൽ സർവീസ് സ്‌കീം, കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയുടെ ആദ്യ ശിൽപശാല മന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്നാം വർഷമാണു ടൂറിസം സീസണിനു മുന്നോടിയായി ഗ്രീൻ കാർപറ്റ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കു നേതൃത്വം നൽകാൻ 77 ഡെസ്റ്റിനേഷൻ മാനേജർമാരെ നിയമിച്ചിട്ടുണ്ട്. കേന്ദ്രങ്ങളുടെ പോരായ്മ വിലയിരുത്തി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.