Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമുടി മാറാൻ നവകേരള ഭാഗ്യക്കുറി ലോട്ടറി

navakerala-lottery

കോട്ടയം ∙ പ്രതീക്ഷിച്ച ഭാഗ്യം നൽകിയില്ലെങ്കിലും നവകേരള ലോട്ടറി സർക്കാർ പരിഷ്കരിച്ചു വീണ്ടും ഇറക്കുന്നു. വില മുതൽ സമ്മാനം വരെ അടിമുടി പരിഷ്കരിച്ചു നവകേരള ലോട്ടറി രണ്ടാം പതിപ്പിനെ ആകർഷകമാക്കാനുള്ള ശുപാർശ ലോട്ടറി വകുപ്പ് ധനവകുപ്പിനു സമർപ്പിച്ചു. അടുത്തയാഴ്ച ചേരുന്ന ധനവകുപ്പു യോഗം അന്തിമ തീരുമാനം എടുക്കും.

നവകേരള ലോട്ടറി ഭാഗ്യാന്വേഷികളുടെ വിപണിക്കു വേണ്ടത്ര സ്വീകാര്യമല്ലെന്നാണു ലോട്ടറി വകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ ലോട്ടറി സംബന്ധിച്ചു കർശന നിലപാട് എടുക്കുന്ന മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനോടുള്ള ശീതസമരവും ലോട്ടറി വിൽപനയെ ബാധിച്ചു.

പ്രളയത്തെ തുടർന്നു നവ കേരള നിർമാണത്തിനു ഫണ്ടു കണ്ടെത്തുന്നതിനാണു നവകേരള ലോട്ടറി ഇറക്കിയത്. 50 കോടി രൂപ വിൽപന പ്രതീക്ഷിച്ചെങ്കിലും 25 കോടി രൂപയോളം മാത്രമാണു ലാഭം കിട്ടിയത്. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാമെന്നായിരുന്നു പ്രതീക്ഷ. ലോട്ടറി ഏജന്റുമാർക്കു പുറമെ സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ പോലുള്ള സംഘടനകൾക്കും ഏജൻസി നൽകിയായിരുന്നു സർക്കാരിന്റെ ഭാഗ്യ പരീക്ഷണം.

ഈ ഘടന കടുത്ത മത്സരം നടക്കുന്ന ലോട്ടറി വിപണിക്കു സ്വീകാര്യമല്ലെന്നാണു ലോട്ടറി വകുപ്പിന്റെ വിലയിരുത്തൽ. സമ്മാനത്തുക വർധിപ്പിക്കുക, ഇടവേളയുടെ ഘടന മാറ്റുക, ലോട്ടറിയുടെ വില കുറയ്ക്കുക, ഏജന്റുമാർക്കു കൂടുതൽ കമ്മിഷൻ നൽകുക തുടങ്ങിയവയാണു ലോട്ടറി വകുപ്പിന്റെ നിർദേശങ്ങൾ.