കോട്ടയം ∙ ഇറക്കുമതി വർധിച്ചതോടെ റബർ വില ഇടിയുന്നു. ഓഗസ്റ്റിൽ കിലോഗ്രാമിനു 134 രൂപ വരെ എത്തിയ റബർ വില 121 രൂപയിലേക്കു താഴ്ന്നു. ലാറ്റെക്സ് വില 146ൽ നിന്നു 108 രൂപയായി. രാജ്യാന്തര വിപണിയിൽ റബർ വില കുറഞ്ഞതും ഉൽപാദന സീസൺ ആരംഭിച്ചതുമാണ് വിലയിടിവിനു കാരണമെന്നു റബർ ബോർഡ‍് വൃത്തങ്ങൾ പറയുന്നു.
റബർ ഇറക്കുമതിയിൽ 20 ശതമാനം വർധനവുണ്ടായി. ഈ വർഷം ഇതുവരെ 3.63 ലക്ഷം ടൺ റബർ ഇറക്കുമതി ചെയ്തു. ഈ വർഷം 12 ലക്ഷം ടൺ വിവിധ റബർ, റബർ നിർമാണ മേഖലയിൽ ആവശ്യമുണ്ട്. എന്നാൽ ആഭ്യന്തര ഉൽപാദനം 5 ലക്ഷം ടൺ കവിയുകയില്ലെന്നാണു കണക്കുകൂട്ടൽ. നവംബർ മുതൽ ജനുവരി വരെയാണു റബർ ഉൽപാദന സീസൺ. സീസൺ തുടങ്ങി വിപണിയിൽ റബർ എത്തുന്നതോടെ വില ഇടിയാറുണ്ട്.
അതേസമയം കർഷകർക്കു റബർ വിലയിടിവ് ഇരുട്ടടിയായി. ചരക്കുസേവന നികുതി വന്നതോടെ മരമൊന്നിനു ശരാശരി 6 രൂപയുടെ അധിക ചെലവു വന്നു. പ്രളയത്തിൽ ഏറെ കർഷകരുടെ ഭൂമിക്കു നാശം വന്നിരുന്നു.