എയർ ഇന്ത്യയുടെ ഓഹരി വിൽക്കാൻ ശ്രമം വീണ്ടും

എയർഇന്ത്യയുടെ കടബാധ്യത കുറച്ച ശേഷം ഓഹരി വിൽപ്പന നടത്താൻ വീണ്ടും സർക്കാർ ശ്രമം ആരംഭിച്ചു. നിലവിൽ എയർഇന്ത്യയ്ക്കുള്ള ആസ്തികളിൽ ചിലത് മറ്റൊരു കമ്പനിയുടെ പേരിലേക്കുമാറ്റി ബാധ്യതയിൽ നല്ലൊരു പങ്കും ആ കമ്പനിയുടെ പേരിലേക്കു മാറ്റുകയും അങ്ങിനെ വൻ ബാധ്യതയിൽനിന്ന് എയർഇന്ത്യയെ കരകയറ്റിയ ശേഷം വീണ്ടും ഓഹരി വിൽപ്പന നടത്താനുമാണു നീക്കം.

ഇതിനായി എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ്സ് ലിമിറ്റഡ് (എഐഎഎച്എൽ) എന്ന പേരിൽ എയർഇന്ത്യ പുതിയൊരു സബ്സിഡിയറി കമ്പനിക്കു രൂപം നൽകി. എയർഇന്ത്യ സിഎംഡിയാണ് പുതിയ കമ്പനിയുടെ മേധാവി. എയർഇന്ത്യയുടെ ഡയറക്ടർ (ഫിനാൻസ്), വ്യോമയാന വകുപ്പിന്റേതുൾപ്പെടെ നാലു കേന്ദ്രസർക്കാർ ജോ. സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്ന ആറംഗ ബോർഡാണ് ഇതിനുള്ളത്.

നേരത്തെ എയർഇന്ത്യയുടെ 76% ഓഹരികൾ വിൽപ്പന നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച് നടപടികൾ പൂർത്തിയാക്കിയെങ്കിലും ഉയർന്ന കടബാധ്യതയുളളതിനാൽ കാര്യമായ പ്രതികരണം ഉണ്ടായില്ല.  നിലവിൽ എയർഇന്ത്യയ്ക്ക് ഏതാണ്ട് 55,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. പുതിയ പുനരുദ്ധാരണ പദ്ധതി പ്രകാരം എയർഇന്ത്യയുടെ 29,000 കോടി രൂപയുടെ ബാധ്യത പുതിയ കമ്പനിയായ എഐഎഎച്എൽ ഏറ്റെടുക്കും. അതോടെ എയർഇന്ത്യയുടെ ബാധ്യത 26,000 കോടി രൂപയായി കുറയും. ഇത് പ്രധാനമായും വിമാനങ്ങൾ വാങ്ങിയ ഇനത്തിൽ കൊടുത്തുതീർക്കേണ്ട തുകയാണ്. കടബാധ്യത കുറയുന്നതോടെ കമ്പനി വർഷംതോറും നൽകേണ്ടി വരുന്ന പലിശ 4400 കോടിയിൽനിന്ന് 2700 കോടി രൂപയായി കുറയും. ഇത് വാങ്ങാനെത്തുന്നവരെ ആകർഷിക്കുമെന്നാണു സർക്കാർ കരുതുന്നത്.

പ്രവർത്തനക്ഷമത മെച്ചപ്പെട്ടെങ്കിലും ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകർച്ചയുംമൂലം എയർഇന്ത്യ ഇപ്പോഴും പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുകയാണ്. വിദേശത്തും മറ്റും വിവിധ ഏജൻസികൾക്ക് കൊടുത്തു തീർക്കേണ്ട കോടിക്കണക്കിനു രൂപയുടെ ബാധ്യത തീർക്കാനാകാതെ വിഷമിക്കുന്നു. ഇതു മറികടക്കാനായി കേന്ദ്ര സർക്കാർ ഓഹരിയിനത്തിലായി 980 കോടിയുടെ സഹായം നൽകി.

 2000 കോടി രൂപ ബാങ്കിൽനിന്നു വായ്പയെടുക്കുന്നതിനു ഗാരന്റിയും നൽകിയിട്ടുണ്ട്. വായ്പയ്ക്കായി എയർ ഇന്ത്യ വിവിധ ബാങ്കുകളെ സമീപിച്ചിട്ടുണ്ട്.   ഇതോടൊപ്പം തന്നെ പുതിയൊരു പുനരുദ്ധാരണ പദ്ധതി എയർഇന്ത്യയ്ക്കു വേണ്ടി തയ്യാറാക്കുന്നതിന് അരുൺ ജെയ്റ്റ്ലി, നിതിൻ ഗഡ്കരി, സുരേഷ് പ്രഭു എന്നിവർ അംഗങ്ങളായ മന്ത്രിസഭാ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. നിലവിലുള്ള കടബാധ്യത കുറച്ചശേഷം വീണ്ടും എയർഇന്ത്യയുടെ 76% ഓഹരികളെങ്കിലും വിറ്റഴിക്കുക എന്ന ലക്ഷ്യം തന്നെയാണ് സർക്കാരിനുള്ളത്.

ഇതിനിടെ ഈ വർഷം ഏതാനും സ്വത്തുക്കൾ വിറ്റഴിച്ച് 800 കോടിയോളം രൂപ നേടാനുള്ള നടപടികളും എയർഇന്ത്യ മാനേജ്മെന്റ് ആരംഭിച്ചിട്ടുണ്ട്.  രാജ്യത്തിന്റെ പലയിടങ്ങളിലായുളള 70 സ്വത്തുക്കൾ വിൽപ്പന നടത്തി ഈ തുക സ്വരൂപിക്കുകയാണ് ലക്ഷ്യം. 2012ൽ തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെട്ട പദ്ധതിയാണിത്. 2014 മുതൽ 21 വരെയുള്ള കാലയളവിൽ അത്യാവശ്യമില്ലാത്ത സ്വത്തുക്കൾ വിൽപ്പന നടത്തി 5000 കോടി സ്വരൂപിക്കാനാണ് ഈ ആദ്യ പുനരുദ്ധാരണ പാക്കേജിലുണ്ടായിരുന്ന ഒരു നിർദ്ദേശം.