500 കോടി വായ്പ ലക്ഷ്യമിട്ട് എയർ ഇന്ത്യ വീണ്ടും

മുംബൈ ∙ ഹ്രസ്വകാല വായ്പയായി 500 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി എയർ ഇന്ത്യ വീണ്ടും നടപ്പാക്കുന്നു. ഇതിനു പുറമെ 7 വിമാനങ്ങൾ വിൽപന നടത്തി തിരികെ വാടകയ്ക്ക് എടുക്കുന്ന പദ്ധതിയിലൂടെ 6100 കോടി രൂപ നേടാനും തീരുമാനിച്ചു.

സെപ്റ്റംബർ ആദ്യം ഹ്രസ്വകാല വായ്പ നേടുന്നതിന് താൽപര്യ പത്രം ക്ഷണിച്ചിരുന്നു. എന്നാൽ കാര്യമായ പ്രതികരണം കിട്ടിയില്ല. നാഷനൽ സ്മോൾ സേവിങ്സ് ഫണ്ടിൽനിന്ന് 1000 കോടി രൂപ വായ്പ ലഭിച്ചതോടെ 500 കോടിയുടെ വായ്പാ പദ്ധതി ഉപേക്ഷിച്ചിരുന്നു. എന്നാൽ വായ്പ നേടാനുള്ള ശ്രമം വീണ്ടും തുടരുകയാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ പറഞ്ഞു. 55,000 കോടിയാണ് എയർ ഇന്ത്യയുടെ കടബാധ്യത. കഴിഞ്ഞ വർഷം മുതൽ പ്രവർത്തന മൂലധനം നേടാനുള്ള ശ്രമത്തിലാണ് കമ്പനി.

2012 ൽ എയർ ഇന്ത്യയെ പുനരുദ്ധരിക്കുന്നതിന് കേന്ദ്ര സർക്കാർ പാക്കേജ് നടപ്പാക്കിയിരുന്നു.