എടിഎം ക്ഷാമം അരികെ; പകുതി എടിഎമ്മും പൂട്ടുമെന്ന് നടത്തിപ്പുകാർ

കൊച്ചി∙ രാജ്യത്ത് ഇപ്പോഴുള്ളതിന്റെ പകുതിയോളം എടിഎമ്മുകൾ 2019 മാർച്ചോടെ നിലയ്ക്കുമെന്ന് എടിഎം സേവന ദാതാക്കളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി (സിഎടിഎംഐ). ബാങ്കുകളുടെ ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എടിഎമ്മുകളും സ്വകാര്യ എടിഎം നടത്തിപ്പുകാരുടെ (വൈറ്റ് ലേബൽ) 15,000 എങ്കിലും എടിഎമ്മുകളും അടയും. ഇപ്പോൾ 2,38,000 എടിഎമ്മുകളുണ്ടെന്നാണു കണക്കുകൾ.

എടിഎം ഹാർഡ്‌വെയറുകൾ, സോഫ്റ്റ്‌വെയറുകൾ എന്നിവ സംബന്ധിച്ച ഈയിടെ ഉണ്ടായ മാർഗനിർദ്ദേശങ്ങൾ, പണം കൈകാര്യം ചെയ്യുന്ന നിലവാരവും പണം നിറയ്ക്കുന്ന സംവിധാനവും സംബന്ധിച്ച് ഈയിടെ വരുത്തിയ നിബന്ധനകൾ എന്നിവയാണ് എടിഎമ്മുകൾ പൂട്ടാൻ നിർബന്ധിതരാക്കുന്നതെന്നു സംഘടന പറ‍ഞ്ഞു.

നഗരങ്ങൾക്കു പുറത്തുള്ള വലിയൊരു പങ്ക് എടിഎമ്മുകളും പ്രവർത്തനം അവസാനിപ്പിച്ചേക്കാം. ഇതു സംഭവിക്കുകയാണെങ്കിൽ ജനങ്ങളെ ബാങ്കിങ് സേവനങ്ങളുടെ പരിധിക്കുള്ളിൽ കൊണ്ടുവരാനുള്ള പദ്ധതികളെ രൂക്ഷമായി ബാധിക്കും. ‘ജൻ ധൻ’പദ്ധതിക്കു കീഴിൽ സബ്‌സിഡികൾ എടിഎം വഴി പിൻവലിക്കുന്ന കോടിക്കണക്കിനുപേർ പ്രതിസന്ധിയിലാകും. നോട്ട് പിൻവലിക്കലിനെത്തുടർന്ന് എടിഎമ്മുകളിൽ കറൻസിക്ഷാമമുണ്ടായിരുന്ന സന്ദർഭത്തിനു സമാനമായ നീണ്ട ക്യൂകളും പ്രശ്‌നങ്ങളുമുണ്ടാകാമെന്നും സംഘടന പറഞ്ഞു. എടിഎം നടത്തിപ്പുമേഖലയിലെ ലക്ഷക്കണക്കിനു പേരുടെ തൊഴിൽ നഷ്ടമാകുകയും ചെയ്യും.

പുതിയ നിർദേശങ്ങൾ പാലിക്കാൻ വേണ്ടിവരുന്ന വൻ സാമ്പത്തികച്ചെലവുകൾ താങ്ങാനാകാത്ത സേവന ദാതാക്കൾക്ക് എടിഎമ്മുകൾ അടച്ചു പൂട്ടുകയല്ലാതെ നിർവാഹമില്ല. ഈ അധികച്ചെലവുകൾ വഹിക്കാൻ ബാങ്കുകൾ മുന്നോട്ടു വരണമെന്നാണ് ആവശ്യം. പണം കൈകാര്യം ചെയ്യുന്നതും കസറ്റുകളിൽ നിറയ്ക്കുന്നതും സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രം 3,500 കോടി രൂപയുടെ അധിക ചെലവു വരുമെന്നാണ് സിഎടിഎംഐ കണക്കാക്കുന്നത്. ബാങ്കുകളുമായുള്ള കരാർ ഒപ്പിടുന്ന വേളയിൽ ഇത്തരം ആവശ്യങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരം ബാധ്യതകൾ ഇല്ലാതിരുന്ന നാലോ അഞ്ചോ വർഷങ്ങൾക്കു മുൻപാണ് ഈ കരാറുകളിൽ പലതും ഒപ്പിട്ടത്.