29000 കോടിയുടെ നികുതിവെട്ടിപ്പ്

ന്യൂഡൽഹി ∙ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ രാജ്യത്തു കണ്ടെത്തിയത് 29,088 കോടി രൂപയുടെ നികുതി വെട്ടിപ്പ്. ഇതിൽ തിരിച്ചുപിടിച്ചത് 5,427 കോടി രൂപ. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്‌സ് ആൻഡ് കസ്റ്റംസിന്റെ ഫീൽഡ് ഓഫിസുകൾ പിടികൂടിയതു കൂടി ചേർക്കുമ്പോൾ തുക ഉയരും. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ 1835 കേസുകളും റജിസ്റ്റർ ചെയ്തു.

ജിഎസ്ടി ഇന്റലിൻസ് മാത്രം 4562 കോടി രൂപയുടെ തട്ടിപ്പു പിടികൂടി. ശേഷിക്കുന്ന 22973 കോടി രൂപയുടെ തട്ടിപ്പും സേവന നികുതിയിൽ നിന്നുള്ളതാണ്. കേന്ദ്ര എക്സൈസ് തീരുവയിൽ മാത്രം 1553 നികുതി വെട്ടിപ്പു പിടികൂടി. ജിഎസ്ടിയിൽ നിന്നു 3124 കോടി രൂപയും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സേവന നികുതിവെട്ടിപ്പ് തിരിച്ചുപിടിക്കുന്നതു പതിവുപോലെ മന്ദഗതിയിലാണ്. 22973 കോടി രൂപയിൽ 2174 കോടി രൂപ മാത്രമാണ് നിലവിൽ സർക്കാരിലേക്ക് എത്തിയത്. നികുതിവെട്ടിപ്പു പിടികൂടുന്നതു ഊർജിതമാക്കാൻ ഉദ്യോഗസ്ഥർക്കു പ്രതിഫലം നൽകുന്നതടക്കമുള്ള പദ്ധതി കഴിഞ്ഞമാസം ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.