ആലപ്പുഴ ∙ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സിപിസിആർഐ) കായംകുളം കൃഷ്ണപുരത്തെ മേഖലാ കേന്ദ്രം പൂട്ടാൻ ശുപാർശ.
പതിറ്റാണ്ടുകളായി നാളീകേര ഗവേഷണ രംഗത്തു മികച്ച സേവനം നൽകുന്ന സ്ഥാപനമാണിത്. കർണാടകയിലെ ഒരു മേഖലാ കേന്ദ്രവും പൂട്ടാൻ നിർദേശിച്ചിട്ടുണ്ട്. സിപിസിആർഐയുടെ തലവന്റെ നാടായ ആന്ധ്രപ്രദേശിൽ പുതിയ മേഖലാ കേന്ദ്രം തുടങ്ങാനും തീരുമാനിച്ചതായാണു സൂചന.കേരളത്തിലെ മുഖ്യകേന്ദ്രമായ കാസർകോട് അടക്കം പല കാർഷക ഗവേഷണ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കും. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലും ജീവനക്കാരെ കുറയ്ക്കും.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലി (ഐസിഎആർ) നു കീഴിൽ, സിപിസിആർഐയിലെ ശാസ്ത്രജ്ഞരുടെ തസ്തികകൾ പുനഃപരിശോധിക്കാനുള്ള സമിതിയുടെ യോഗത്തിലാണു തീരുമാനം. യോഗം ഒക്ടോബർ 29 ന് ആയിരുന്നെങ്കിലും തീരുമാനം പുറത്തറിഞ്ഞത് ഇപ്പോഴാണ്. കോടിക്കണക്കിനു രൂപ ചെലവിട്ട് പതിറ്റാണ്ടുകളായി നടക്കുന്ന ഗവേഷണങ്ങളെ ഇല്ലാതാക്കുന്നതാണു നാളീകേര ഗവേഷണ കേന്ദ്രം നിറുത്താനുള്ള തീരുമാനം. തെങ്ങിനെ ബാധിക്കുന്ന കീട രോഗങ്ങളെപ്പറ്റി ശ്രദ്ധേയ ഗവേഷണങ്ങളും കണ്ടെത്തലുകളും ഇവിടെ നടന്നിട്ടുണ്ട്.
ഇടവിളകളെപ്പറ്റിയും പഠനങ്ങൾ നടക്കുന്നു. ഗുണമേന്മയുള്ള തെങ്ങിൻ െതെകൾ അടക്കം ഇവിടെ തയ്യാറാക്കുന്ന മികച്ച നടീൽ വസ്തുക്കൾക്ക് ഏറെ ആവശ്യക്കാരുണ്ട്ഇൗ കേന്ദ്രം പൂട്ടുമ്പോൾ ഇതിന്റെ വിശാലമായ തോട്ടങ്ങളും മറ്റ് ആസ്തികളും എന്തു ചെയ്യുമെന്നു വ്യക്തമല്ല. വർഷങ്ങളുടെ അധ്വാനം അപ്പാടെ നശിക്കുമെന്ന ആശങ്കയിലാണ് ഇവിടത്തെ ശാസ്ത്രജ്ഞരും ജീവനക്കാരും. പല മേഖലാ കേന്ദ്രങ്ങളിൽ നിന്നു കുറയ്ക്കുന്ന ജീവനക്കാരെ ആന്ധ്രപ്രദേശിൽ തുടങ്ങുന്ന കേന്ദ്രത്തിൽ വിന്യസിക്കാനാണു നീക്കമെന്നറിയുന്നു. പുതിയ നിയമനങ്ങൾ ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം ഇവിടെ പ്രവർത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തിയപ്പോഴാണു സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ ശ്രദ്ധയിൽ ഈ വിഷയം എത്തിയത്. സംസ്ഥാന സർക്കാരിനെപ്പോലും അറിയിക്കാതെ രഹസ്യമായാണു പൂട്ടൽ നീക്കം. കേന്ദ്രം പൂട്ടാനുള്ള നിർദേശം കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഉന്നതർക്കു മുന്നിലെത്തിയിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതി കൂടിയായാൽ അതു നടപ്പിലാകും.അതിനു മുമ്പ് കേരളത്തിലെ എംപിമാരും നേതാക്കളുമൊക്കെ ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ നമ്മുടെ ഒരു പ്രമുഖ സ്ഥാപനം ഇല്ലാതെയാകുമെന്ന അവസ്ഥയാണ്
തുടക്കം 1937ൽ
1937ൽ തുടങ്ങിയതാണ് തോട്ടവിള ഗവേഷണ കേന്ദ്രങ്ങൾ. ഇവ പിന്നീട് ഐസിഎആറിനു കീഴിലായി. വ്യത്യസ്തങ്ങളായ കാർഷിക ഗവേഷണങ്ങൾ നടത്തുകയും അതു കർഷകരിലെത്തിക്കുകയുമാണ് വിവിധ മേഖലാ കേന്ദ്രങ്ങളുടെ ലക്ഷ്യം.