ന്യൂഡൽഹി ∙ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും പ്രധാന പ്രശ്നങ്ങൾക്കു മറുപടി വാഗ്ദാനം ചെയ്തും വിവാദങ്ങളിൽ സ്പർശിക്കാതെയും ആർബിഐ ഗവർണർ ഉർജിത് പട്ടേൽ. നോട്ട് റദ്ദാക്കലിന്റെ ആഘാതത്തിൽ നിന്നു സമ്പദ്‌വ്യവസ്ഥ കരകയറിയിരിക്കുന്നു, പെട്രോളിയം ഉൽപന്നങ്ങൾക്കു വില കുറഞ്ഞതു ഗുണകരമാകും, സാമ്പത്തിക പരിഷ്കാരങ്ങൾ ബാങ്കിങ്, ധനകാര്യ മേഖലയ്ക്ക് ഊർജം പകരും – പാർലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതിക്കു മുന്നിൽ ഹാജരായ ഗവർണർ പറഞ്ഞു.
ഒഴിഞ്ഞുമാറ്റം
ഏഴാം വകുപ്പിന്റെ പ്രയോഗം, റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരം തുടങ്ങിയ പ്രശ്നങ്ങളിൽ പട്ടേൽ നേരിട്ടു മറുപടി പറഞ്ഞില്ല. കിട്ടാക്കടം (എൻപിഎ), കർക്കശ വായ്പാനയം (പിസിഎ), കേന്ദ്ര ബാങ്കിന്റെ കരുതൽ ശേഖരം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു രണ്ടാഴ്ചക്കകം മറുപടി. കെ.വി. തോമസ് അധ്യക്ഷനായിരുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ കഴിഞ്ഞ വർഷം നോട്ട് റദ്ദാക്കലിനെക്കുറിച്ചു വിശദീകരിക്കാൻ ഹാജരായപ്പോഴും ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്കു പിന്നീടു മറുപടിയെന്ന തന്ത്രമായിരുന്നു ഉർജിത് പട്ടേൽ സ്വീകരിച്ചത്. . എഴുതി നൽകിയ മറുപടികൾ വ്യക്തമായിരുന്നില്ല.
ബാങ്കുകളുടെ ധനാനുപാതം
ബാങ്കുകളുടെ ധനാനുപാതം നിലനിർത്തുന്നതിനു ജി–20 മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥമാണെന്നു ഗവർണർ സമിതിയെ അറിയിച്ചു. എന്നാൽ, ധനാനുപാതം 9 ശതമാനത്തിൽ നിന്ന് 8 ആക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല.
നയതന്ത്രപരം
സർക്കാരും റിസർവ് ബാങ്കും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഗവർണർ പാർലമെന്റ് സമിതിക്കു മുന്നിലെത്തിയത് ആകാംക്ഷ ഉണർത്തിയിരുന്നു. എന്നാൽ, സർക്കാരിനോ ധനമന്ത്രാലയത്തിനോ എതിരെ പരോക്ഷ പരാമർശം പോലുമുണ്ടായില്ല. കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലിയാണു ധനകാര്യസമിതി അധ്യക്ഷൻ. ധനമന്ത്രിയും റിസർവ് ബാങ്ക് ഗവർണറുമായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും 31 അംഗ സമിതിയിലുണ്ട്.
ഗവർണർ മറുപടി നൽകേണ്ട ചോദ്യങ്ങൾ
∙ റിസർവ് ബാങ്കിന്റെ പക്കൽ ആവശ്യത്തിലേറെ കരുതൽധനമുണ്ടോ
∙ അധിക കരുതൽധനം സർക്കാരിനു കൈമാറേണ്ടതുണ്ടോ
∙ ആവശ്യമായ കരുതൽധനം എത്രത്തോളം
∙ കരുതൽ ധനം കണക്കാക്കുന്നതിന് പുതിയ മാനദണ്ഡം ആവശ്യമോ
∙ ഇപ്പോൾ കൈക്കൊള്ളുന്ന നടപടികളിലൂടെ കിട്ടാക്കടം നിയന്ത്രിക്കാനാവുമോ
∙ കർക്കശ വായ്പാനയം (പിസിഎ) എത്രത്തോളം ഗുണകരം
∙ ബാങ്കുകളുടെ ധനാനുപാതം കുറയ്ക്കേണ്ടതുണ്ടോ