Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത 22 വർഷം കൊണ്ട് സൂര്യൻ സിയാലിന് നൽകും, 1000 കോടി രൂപ!

cial-solar

സൗരോർജ ഉൽപാദനത്തിലൂടെ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി(സിയാൽ) അടുത്ത 22 വർഷം കൊണ്ടു നേടുന്നത് 1000 കോടിയിലധികം രൂപയുടെ വരുമാനം. സ്ഥാപനച്ചെലവും അറ്റകുറ്റപ്പണികളുടെ ചെലവും കഴിച്ച് ഏതാണ്ട് 800 കോടിയിലേറെ രൂപയുടെ ലാഭമാണ് അതുവഴി സിയാൽ നേടുക. ഇന്നലെ വരെ സിയാൽ ഉൽപാദിപ്പിച്ചത് 40 കോടി രൂപയുടെ വൈദ്യുതിയാണ്. 2015 മുതലുള്ള കണക്കാണിത്. ഇപ്പോൾ സൗരോ‍ർജ ശേഷി വർധിപ്പിച്ചതിനാൽ പ്രതിദിനം സിയാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വില 10.88 ലക്ഷം രൂപയായി ഉയർന്നു. നിലവിലുള്ള വൈദ്യുതി നിരക്കനുസരിച്ചുള്ള കണക്കാണിത്, നിരക്കുയരുമ്പോൾ അതുവഴിയുള്ള വരുമാനവും ഉയരും.

2015ൽ ടെർമിനൽ കെട്ടിടങ്ങൾക്കു മുകളിലും സിയാൽ അക്കാദമി വളപ്പിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു സിയാലിന്റെ സൗരോർജ ഉൽപാദന വിപ്ലവം ആരംഭിക്കുന്നത്. 13 മെഗാവാട്ട് ആയിരുന്നു ആദ്യ പ്ലാന്റുകളുടെ ശേഷി. 2016ൽ 16 മെഗാവാട്ട് ആയും 17ൽ 29 മെഗാവാട്ട് ആയും ഇതു വളർന്നു. ഈ വർഷം അവസാനത്തോടെ സൗരോർജ സ്ഥാപിത ശേഷി 40 മെഗാവാട്ട് ആയാണ് ഉയർന്നത്.

സിയാലിന്റെ ഉപകമ്പനിയായ സിയാൽ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (സിഐഎൽ)ആണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. 2012ൽ രൂപീകരിച്ചതാണ് ഈ കമ്പനി. അടിസ്ഥാനസൗകര്യ മേഖലകൾ വിപുലീകരിക്കുകയാണ് പ്രവർത്തന ലക്ഷ്യം. 2017ൽ 29മെഗാവാട്ട് സൗരോർജശേഷി സ്ഥാപിച്ചതോടെ ലോകത്തിൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതി സിയാൽ നേടി. ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത ചാംപ്യൻ ഓഫ് എർത്ത് പുരസ്കാരവും കഴിഞ്ഞ വർഷം നേടി.

സോളാർ കാർപോർട്ടിലൂടെ മാത്രം സിയാൽ 5.1 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ഇരു ടെർമിനലുകളുടെയും മുൻഭാഗത്തെ രണ്ട് സൗരോർജ കാർപോർട്ടിൽ ആകെ 2600 കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഇതോടെ ലോകത്തെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന ഖ്യാതിയും സിയാലിന് ലഭിച്ചു.

സിയാൽ ഏറ്റവുമവസാനം സ്ഥാപിച്ചിരിക്കുന്ന 6 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ചെങ്ങൽതോടിനു മുകളിലാണ്. വളരെ ചെലവു കുറഞ്ഞതും ഫലപ്രദവുമായ സിമന്റ് കോൺക്രീറ്റ് തൂണുകൾ ഉപയോഗിച്ചാണ് വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ള കനാലിന്റെ മുകളിൽ രണ്ടു കിലോമീറ്റർ നീളത്തിൽ ഇതു സ്ഥാപിച്ചത്. ഇപ്പോൾ കിഴക്കു പടിഞ്ഞാറായി ദിശ മാറ്റാൻ ശേഷിയുള്ള സൗരോർജ പാനലുകൾ സ്ഥാപിച്ച് പരമാവധി ഊർജം ലഭിക്കുന്നതിനുള്ള ഗവേഷണപദ്ധതികൾ നടന്നു വരുന്നു.

ലാഭം വരുന്ന വഴി

സിയാലിന് സൗരോർജ പാനലുകളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നതിന് ഒരു മെഗാവാട്ടിന് ശരാശരി 4.5 കോടി രൂപയാണ് ചെലവായിരിക്കുന്നത്. ഇതുവരെ സ്ഥാപിച്ച 40 മെഗാവാട്ടിന് ആകെ ചെലവായിരിക്കുന്നത് 180 കോടി രൂപയാണ്. ഇതിൽ 40 കോടി രൂപയോളം വൈദ്യുതോൽപാദനത്തിലൂടെ ഇതിനകം നേടിക്കഴിഞ്ഞു.

ഇപ്പോൾ പ്രതിദിന ഉൽപാദനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അതുവഴി 10.88 ലക്ഷം രൂപയാണ് പ്രതിദിനം നേടുന്നത്. ഈ നിരക്കിൽ മുന്നോട്ടു പോയാൽ പ്രതിവർഷം 40 കോടി രൂപയുടെ വൈദ്യുതിയാണ് സിയാൽ സൗർജത്തിലൂടെ ഉൽപാദിപ്പിക്കുന്നത്. സിയാൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് ചെലവായതിൽ, ഇതുവരെ ലഭിച്ച 40 കോടി കിഴിച്ച് ബാക്കിയുള്ള 140 കോടി രൂപ അടുത്ത മൂന്നര വർഷം കൊണ്ട് സിയാലിനു തിരികെ ലഭിക്കും.

സൗരോർജ പ്ലാന്റിന് കുറഞ്ഞത് 25 വർഷത്തെ ഗ്യാരന്റിയുണ്ടെന്നതിനാൽ ബാക്കിയുള്ള 20 വർഷത്തോളം ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയായ 800 കോടിയോളം രൂപ സിയാലിന് ലാഭമാകും.