അർഹമായ ഇൻഷൂറൻസ് ക്ലെയിം കിട്ടുന്നുണ്ടോ...

ഈയിടെ ഉണ്ടായ പ്രളയത്തിൽ കേരളത്തിലുണ്ടായ നഷ്ടം ഏകദേശം 31000 കോടി രൂപയാണ്. ഇതിൽ 10%, അതായത് 3000 കോടി രൂപയുടെ നഷ്ടമാണ് വിവിധ ഇൻഷൂറൻസ് കമ്പനികൾക്കു റിപ്പോർട്ട് ചെയ്ത ഏകദേശകണക്ക്. ഏകദേശം 3 മാസമായിട്ടും ഇതിൽ ഭൂരിഭാഗം ക്ലെയിമുകളും (പ്രത്യേകിച്ച് വലിയ സാമ്പത്തിക നഷ്ടങ്ങളുളള ക്ലെയിമുകൾ) തീർപ്പാവാതെ കിടക്കുകയാണ്.

തീർപ്പായതിൽത്തന്നെ നല്ലൊരു ശതമാനത്തിലും ക്ലെയിമുകൾ കുറഞ്ഞു പോയി എന്ന പരാതിയും ഉയരുന്നുണ്ട്. ഇൻഷൂറൻസ് കമ്പനിയെ സംബന്ധിച്ച് പരമപ്രധാനമാണ് ഉത്തമ വിശ്വാസം. കമ്പനിയെ വിശ്വസിച്ച് പോളിസി എടുത്തവർക്ക് അർഹമായ ക്ലെയിം തുക യഥാസമയം നൽകണമെന്നാണ് ഇൻഷൂറൻസ് പോളിസിയിലെ വ്യവസ്ഥ. മാത്രമല്ല ക്ലെയിം തീർപ്പാക്കിയതിന്റെ സർവേ റിപ്പോർട്ടിന്റെ ഒരു കോപ്പി പോളിസി ഉടമയ്ക്ക് അവകാശപ്പെട്ടതാണ്.

അത് അവർ ആവശ്യപ്പെട്ടാൽ ഇൻഷൂറൻസ് കമ്പനി നൽകണം. ക്ലെയിമുകൾ തീർപ്പാക്കുന്ന സർവേയർമാർ പോളിസി ഉടമയുമായി കൂടിയാലോചിച്ചു വേണം തീർപ്പാക്കാൻ. പക്ഷേ ചില സർവേയർമാർ ഫോൺ എടുക്കുന്നുപോലുമില്ല എന്ന പരാതിയും നിലവിലുണ്ട്. ഒരു കെട്ടിടം ഇൻഷൂർ ചെയ്യുമ്പോൾ അതിലെ ഇലക്ട്രിക് വയറിങ് കെട്ടിടത്തിന്റെ ഭാഗമായാണു കണക്കാക്കുന്നത്. എന്നാൽ ആലുവയിൽ ഒരു കെട്ടിടത്തിനു നാശനഷ്ടമുണ്ടാകുപ്പോൾ ഇൻഷൂറൻസ് കമ്പനി എഴുതി നൽകിയത് ഇപ്രകാരമാണ്: കെട്ടിടത്തിന്റെ ഇലക്ട്രിക് വയറിങ് ഇൻഷൂർ ചെയ്തിട്ടില്ല എന്നതുകൊണ്ട് കെട്ടിടത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ല; അതിനാൽ ക്ലെയിം നൽകാൻ കഴിയില്ല.

പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയുടെ ക്ലെയിം നിഷേധിച്ചിരിക്കുന്നത് ഇപ്രകാരമാണ്: തീപിടിത്തത്തിന്റെ അവശിഷ്ടങ്ങൾ രാസപരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ കത്താൻ ഇടയാക്കുന്ന പദാർഥങ്ങൾ പതിവിലധികം കണ്ടെത്തി. ഇത്തരം രാസപദാർത്ഥങ്ങളല്ലാം സാധാരണ ഉപയോഗിക്കുന്നതാണ്. എത്രയോ പേർക്ക് ഇത്തരത്തിലുളള ദുരനുഭവങ്ങൾ ഉണ്ടായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുളളൂ.

മെഡിക്ലെയിം തീർപ്പാക്കുന്ന ഒരു തേർഡ് പാർട്ടി അഡ്മിനിസ്റ്റേറ്റർ (ടിപിഎ) കമ്പനിയുടെ പ്രവർത്തനം തന്നെ കേരളത്തിൽ അവതാളത്തിലാണ്. ആയിരക്കണക്കിന് പോളിസി ഉടമകളുടെ ക്ലെയിമുകൾ മാസങ്ങളായി തീർപ്പാക്കാതെ കിടക്കുന്നു. ഇൻഷൂറൻസ് കമ്പനികളാണ് ടിപിഎ കമ്പനികൾക്കു ഫീസ് നൽകുന്നതെങ്കിലും അവർ കൈമലർത്തുന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്. ഇതും
ഉപഭോക്താവിന്റെ ഇൻഷൂറൻസിലുളള വിശ്വസ്തതയെ തകർക്കുന്നു. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം എല്ലാറ്റിനും നീതി തേടി കോടതി കയറുന്നത് ഉചിതമല്ല.

ശരിയായ ഇൻഷുറൻസ്

ശരിയായ രീതിയിൽ ഇൻഷൂർ ചെയ്താൽ ഒരു ക്ലെയിം ഉണ്ടായാൽ അത് ലഭ്യമാകാൻ അധികം ബുദ്ധുമുട്ടേണ്ടിവരില്ല എന്നതും ശ്രദ്ധിക്കാം. പ്രധാന ഘടകങ്ങൾ:

1. ഇൻഷൂർ ചെയ്യുന്ന തുക, 2. കവർ ചെയ്യേണ്ട റിസ്‌ക്കുകൾ, 3. ഇൻഷൂർ ചെയ്യുന്ന വസ്തുവകകളുടെ ശരിയായ വിവരങ്ങൾ, 4. കവർ ചെയ്യാത്ത റിസ്‌ക്കുകൾ, 5. പോളിസി എക്‌സസ് തുക, 6. പോളിസിയിലെ ഉപാധികൾ, 7. പോളിസിയിലെ മറ്റു സവിശേഷതകൾ, 8. പ്രീമിയം നിരക്ക്. ഇവ പരിശോധിച്ചു വേണം പോളിസിയിൽ ചേരാൻ.