ആഭ്യന്തര സഞ്ചാരികൾ കൂടി; പരുക്കില്ലാതെ കേരള ടൂറിസം

തിരുവനന്തപുരം∙ നിപ്പയും പ്രളയവും മൂലം പ്രതിസന്ധിയിലായ സംസ്ഥാന ടൂറിസം മേഖലയ്ക്ക് ആശ്വാസവാർത്ത. ടൂറിസം വകുപ്പിന്റെ 2018 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 7% വർധനയുണ്ട്. വിദേശസഞ്ചാരികളുടെ വരവിലുണ്ടായ കുറവ് വെറും 0.22% മാത്രം.

ഓഗസ്റ്റ് മുതൽ സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞെങ്കിലും ആദ്യ മാസങ്ങളിലുണ്ടായ കുതിപ്പാണു വൻ തകർച്ചയിൽ നിന്നു കേരള ടൂറിസത്തെ താങ്ങിനിർത്തിയതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ടൂറിസം വകുപ്പിന്റെ വിവരശേഖരണം ശാസ്ത്രീയമല്ലെന്നും വൻ തിരിച്ചടിയാണു ടൂറിസം മേഖലയ്ക്കുണ്ടായതെന്നുമാണു സംരംഭകരുടെ നിലപാട്.

ജനുവരി മുതൽ ഏപ്രിൽ വരെ വിദേശസഞ്ചാരികളുടെ എണ്ണം ശരാശരി 12%, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ശരാശരി 20% എന്ന നിരക്കിൽ വർധിച്ചിരുന്നു. എന്നാൽ പിന്നീട് ഇതു കുറഞ്ഞു. പ്രളയമുണ്ടായ ഓഗസ്റ്റിൽ വിദേശ സഞ്ചാരികളുടെ വരവ് 18%, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് 12% വീതം കുറഞ്ഞു.

ആഭ്യന്തരസഞ്ചാരികൾ
2017     1.30 കോടി
2018     1.39 കോടി
    (വ്യത്യാസം 9.23 ലക്ഷം)

വിദേശസഞ്ചാരികൾ
2017     9.58 ലക്ഷം
2018     9.56 ലക്ഷം
    (വ്യത്യാസം –2104)