കൊച്ചി ∙ കീടനാശിനി ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ വീണ്ടും ഉത്തരവിറക്കി. ഓരോ കീടനാശിനിയും ഏതു വിളയ്ക്ക്, രോഗത്തിന്, കീടത്തിന്, ഉപയോഗിക്കേണ്ട അളവ്, കാത്തിരിപ്പു കാലം എന്നിവ വ്യക്തമാക്കുന്ന ബോർഡ് 31 നകം ഓരോ കീടനാശിനി വിൽപ്പന കേന്ദ്രത്തിലും പ്രദർശിപ്പിക്കണമെന്നു ഉത്തരവിൽ പറയുന്നു.
കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഉത്തരവ്. വിൽപനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞ വർഷവും സർക്കാർ ഉത്തരവിറക്കി. അതിനു ശേഷവും വിപണിയിലെ പച്ചക്കറികളിൽ കീടനാശിനികളുടെ നിരന്തര സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ഇൗ ഉത്തരവ്.
കൃഷി ഓഫിസർമാരുടെ നിർദേശപ്രകാരമല്ലാതെ, കർഷകർ നേരിട്ട് കീടനാശിനികൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും പൂർണമായി നിയന്ത്രിക്കണമെന്നാണു നിർദേശം. .
ഇതിനായി എല്ലാ കൃഷി ഓഫിസർമാരും തങ്ങളുടെ പരിധിയിലുള്ള ഡിപ്പോകൾ സന്ദർശിച്ചു നിയമവിരുദ്ധ കീടനാശിനി വിൽപന നടക്കുന്നുണ്ടോ എന്നു പരിശോധിക്കണം. .
കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ 21 മുതൽ 31 വരെ ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്.
മാരക കീടനാശിനികൾക്കെതിരെ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ നേതൃത്വത്തിൽ വിജിലൻസ് സ്ക്വാഡ് പ്രവർത്തിക്കും. പ്രതിമാസം എല്ലാ ബ്ലോക്കിലും കുറഞ്ഞത് ഒരു പരിശോധനയെങ്കിലും നടത്തണം. കൃഷി അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സ്ക്വാഡ് പ്രതിമാസം 2 ജില്ലകളിലെങ്കിലും അപ്രതീക്ഷിത സന്ദർശനം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.